നെടുമങ്ങാട് നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു
അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകളും കേരളത്തിലെ മറ്റു സർക്കാർ കേന്ദ്രങ്ങളും പിണറായി സർക്കാർ മികവിലേക്ക് ഉയർത്തിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയുടെ വികസന രേഖ തഹസീൽദാർ ഷാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.
ഈകാലയളവിൽ സർക്കാർ നടപ്പിലാക്കിയ മുഴുവൻ ക്ഷേമപദ്ധതികളും കാര്യക്ഷമമായി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നെടുമങ്ങാട് നഗരസഭയിൽ വയോജനങ്ങൾക്കായി 7 കേന്ദ്രങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ചു. അതിദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന പ്രവർത്തനത്തിൽ സർക്കാരിനൊപ്പംതന്നെ പ്രവർത്തിക്കാൻ നഗരസഭക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി. എസ്.ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശവൻ നായർ, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്.സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ എന്നിവർ പങ്കെടുത്തു.
പുതിയ ആശയങ്ങളുമായി ഓപ്പൺ ഫോറം
വികസനസദസ്സിൻ്റെ പ്രാധാന ഭാഗമായ ഓപ്പൺ ഫോറത്തിൽ ജനങ്ങൾ ക്രിയാത്മകമായ പല നിർദേശങ്ങളും മുന്നോട്ടുവച്ചു. നിർദേശങ്ങളും സമഗ്രമായ ചർച്ചകളും ഓപ്പൺ ഫോറത്തിൽ നടന്നു.
നഗരവികസനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്നങ്ങളും സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. മാലിന്യങ്ങൾ വലിച്ചെറിയുന്ന സാഹചര്യം ഇല്ലാതാക്കുക, തെരുവുനായ ശല്യം, നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കൽ, ചെറിയ റോഡുകളുടെ നവീകരണങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കുക, പൈതൃക കേന്ദ്രങ്ങൾ പരിപാലിക്കുന്നതിൽ ശ്രദ്ധ പുലർത്തുക, വയോജനങ്ങൾക്കായി ഒരു പൊതു സാംസ്‌കാരിക ഹബ്ബ് നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ ഓപ്പൺ ഫോറത്തിന്റെ ഭാഗമായി ചർച്ചയിൽ വന്നു.
മികവിന് വായോസേവന പുരസ്‌കാരം
നെടുമങ്ങാട് നഗരസഭ നടപ്പിലാക്കിയ വിവിധ വയോജന സൗഹൃദ പദ്ധതികൾക്ക് കേരള സംസ്ഥാന വയോസേവന പുരസ്‌കാരം ലഭിച്ചു. വയോജനങ്ങൾക്കായുള്ള വാതിൽപടി സേവനങ്ങൾ, നഗരസഭയിൽ ആരംഭിച്ച വയോക്ലബുകൾ, വയോജനങ്ങൾക്കായുള്ള വിനോദയാത്ര തുടങ്ങിയ പ്രവർത്തനങ്ങൾ നഗരസഭയുടെ ഭാഗമായി നടത്തി വരുന്നുണ്ട്.
വികസനത്തിന്റെ വഴിയിൽ
നെടുമങ്ങാട് നഗരസഭ കഴിഞ്ഞ 5 വർഷ കാലയളവിൽ നാലായിരത്തിലധികം ലൈഫ് വീടുകൾ നിർമിച്ചു നൽകി. അതിദാരിദ്രരില്ലാത്ത നഗരസഭയായി ഉടൻ പ്രഖ്യാപനം ഉണ്ടാകും. 39 വാർഡുകളിലും യോഗ കേന്ദ്രങ്ങൾ ആരംഭിച്ചുകൊണ്ട് സമ്പൂർണ യോഗ നഗരസഭയായി. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ 3000 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കി. വനിതകൾക്കായി നഗരസഭ ടൗൺഹാലിന് സമീപം പെണ്ണിടം എന്ന കേന്ദ്രം നിർമിച്ചു. അത്തരത്തിൽ പലതരം ജനക്ഷേമ പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷ കാലയളവിൽ നെടുമങ്ങാട് നഗരസഭയിൽ നടപ്പിലാക്കി എന്നതും വികസന സദസ്സിൽ ചർച്ചയായി.