ഇലകമൺ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ശ്രീധരൻകുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന് 11 വോട്ടുകളും കോൺഗ്രസിൽ നിന്ന് മത്സരിച്ച എം.ഷൈജിക്ക് 6 വോട്ടുകളും ലഭിച്ചു. ഇലകമൺ സി.പി.എമ്മിലെ പ്രമുഖ നേതാവായ ശ്രീധരൻ കുമാർ 2005 ലും ഇപ്പോൾ വിജയിച്ച അയിരൂർ വാർഡിൽ നിന്നു തന്നെയാണ് ജയിച്ചത്.
സി.പി.എം ഇലകമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇദ്ദേഹം നിലവിൽ വർക്കല ഏര്യാ കമ്മിറ്റി അംഗമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചുവരുന്നു. വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ എസ്.സജിനിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഇവർക്ക് 11 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷീലയ്ക്ക് 6 വോട്ടുകളും ലഭിച്ചു.
ഇവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ അംഗം വിട്ടുനിന്നു. ആകെയുള്ള 18 വാർഡുകളിൽ എൽ.ഡി.എഫിന് 11, യു.ഡി.എഫിന് 6, ബി.ജെ.പിക്ക് 1 എന്നിങ്ങനെയാണ് കക്ഷിനില.


