കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രം പ്രതിസന്ധിയിൽ; കിടത്തിച്ചികിത്സയും രാത്രികാല ഡോക്ടർ സേവനവും ഇല്ല

Attingal vartha_20260103_144144_0000

കുറ്റിച്ചൽ: അഗസ്ത്യവനത്തിലെ 27 ആദിവാസി ഊരുകളിലെ ജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ആശ്രയിക്കുന്ന കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രം ഗുരുതരമായ സൗകര്യക്കുറവുകൾ നേരിടുന്നു. കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തതും രാത്രികാലങ്ങളിൽ ഡോക്ടർ സേവനം ലഭ്യമല്ലാത്തതുമാണ് പ്രധാന പ്രശ്നങ്ങൾ.
ദിവസേന ഒപിയിൽ ശരാശരി 400 പേർ ചികിത്സ തേടിയെത്തുന്ന കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫീസറും ഒരു സ്ഥിരം ഡോക്ടറും എൻഎച്ച്എം വഴി നിയമിച്ച രണ്ട് ഡോക്ടർമാരുമാണ് നിലവിലുള്ളത്. രാത്രി ഏഴ് മണിവരെ മാത്രമാണ് ഡോക്ടർ സേവനം ലഭിക്കുക. തുടർന്ന് അടിയന്തര ചികിത്സ ആവശ്യമായാൽ അഞ്ച് കിലോമീറ്റർ അകലെയുള്ള ആര്യനാട് താലൂക്ക് ആശുപത്രിയിലേക്കോ 13 കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കോ രോഗികളെ എത്തിക്കേണ്ട അവസ്ഥയാണ്.
വനത്തിനുള്ളിലെ ആദിവാസി മേഖലകളിൽ മാസത്തിൽ 16 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, അതിനാവശ്യമായ ആംബുലൻസ് സൗകര്യം ഇതുവരെ ഉറപ്പാക്കിയിട്ടില്ല. പ്രത്യേകിച്ച് ഗർഭിണികൾക്കും വയോധികർക്കും രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ പുറംലോകത്തെ ആശുപത്രികളിലേക്ക് മാറ്റാൻ ആംബുലൻസ് ലഭ്യമാകുന്നത് അത്യാവശ്യമായിരിക്കുകയാണ്.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദിവസവേതന അടിസ്ഥാനത്തിൽ ഒരു സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെന്ന ശുപാർശ പഞ്ചായത്തിന് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. നിലവിൽ പഞ്ചായത്ത് നിയമിച്ച രണ്ട് താത്കാലിക ജീവനക്കാരാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.
കെട്ടിട സൗകര്യങ്ങളുടെ അഭാവമാണ് കിടത്തിച്ചികിത്സ ആരംഭിക്കാൻ തടസ്സമെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നു. എന്നാൽ, പത്ത് വീതം കിടക്കകൾ സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് വലിയ ഹാളുകളുള്ള ഒരു കെട്ടിടം നിർമാണം പൂർത്തിയാക്കി നാലു വർഷത്തിലധികമായി പൂട്ടിയിട്ടിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
1979ൽ വാടകക്കെട്ടിടത്തിൽ ആരംഭിച്ച ആശുപത്രി 1984–85 കാലഘട്ടത്തിലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. നിലവിൽ ഒരേക്കറിലേറെ സ്ഥലവും നാല് ചെറിയ കെട്ടിടങ്ങളും ഇവിടെയുണ്ട്. ആദിവാസി മേഖലയിലെ ഏക സർക്കാർ ആശുപത്രിയായതിനാൽ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയാൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമെന്നിരിക്കെ, ജനപ്രതിനിധികൾ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!