
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെയും ബജറ്റാണ് നാളെ രാവിലെ 9 മണിക്ക് നിയമസഭയിൽ സമർപ്പിക്കുക.
കേന്ദ്ര ബജറ്റിന് മുമ്പായി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാൽ, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്, വിവിധ കേന്ദ്ര വിഹിതങ്ങൾ, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സംസ്ഥാന വിഹിതം എന്നിവ ബജറ്റിൽ ഉൾപ്പെടുത്തുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകൾ സംസ്ഥാന ബജറ്റിൽ പുതുക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ശമ്പളപരിഷ്കരണ പ്രഖ്യാപനം, പുതിയ പെൻഷൻ പദ്ധതി, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുമെന്നാണ് പ്രധാന പ്രതീക്ഷ. തുടർച്ചയായി മൂന്നാം ഭരണകാലം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.
പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ അക്കമിട്ട് അവതരിപ്പിക്കുന്നതും ബജറ്റിന്റെ പ്രത്യേകതയായിരിക്കും. ബജറ്റിന് പിന്നാലെ സർക്കാരിന്റെ നേട്ടങ്ങളും പ്രഖ്യാപനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിന് വമ്പൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നതായി സൂചനയുണ്ട്.


