നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

Attingal vartha_20260217_222205_0000

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.

പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ ഇന്നലെയാണ് പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉടൻ അഡ്മിറ്റ് ചെയ്ത യുവതിയെ ഇന്ന് പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റി. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.

ശ്വാസതടസ്സമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചികിത്സയിൽ പിഴവുണ്ടായതായി ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെയും ആർ.ഡി.ഒയെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചതായും റിപ്പോർട്ടുണ്ട്. പരിശോധനയിൽ കുഴപ്പമില്ലെന്ന് അറിയിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും സംഭവത്തിൽ വ്യക്തമായ മറുപടി ലഭിക്കാതെ പിന്മാറില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ഥലത്തെത്തിയ ആർ.ഡി.ഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ഡി.ഒ ഉറപ്പുനൽകിയതായി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!