
ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ എൽ ഐ സി ഓഫീസിനു എതിർവശത്ത് റോഡ് വശത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവ് മരണപ്പെട്ടു. ആറ്റിങ്ങൽ കൊട്ടിയോട് രോഹിണി ഭവനിൽ വിജിത്ത് (30) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 11:30 മണിയോടുകൂടിയായിരുന്നു അപകടം. വിജിത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. സുഹൃത്ത് അജിയെയും കൂട്ടി ആറ്റിങ്ങൽ മൂന്നുമുക്ക് ഭാഗത്ത് പോയി ഭക്ഷണം കഴിച്ച് തിരികെ വീട്ടിലേക്ക് പൊകവേയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ ഇടത് ഭാഗത്തേക്ക് ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡ് വശത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ വിജിത്തിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന അജിയുടെ പരിക്ക് ഗുരുതരമല്ല. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


