
വർക്കല : വർക്കല പുന്നമൂട് മാർക്കറ്റിൽ നിന്ന് 400 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു എന്നുള്ളത് വളരെ ഗൗരവകാര്യമായ സംഭവമാണ്. എന്ത് വിശ്വസിച്ചു മത്സ്യം വാങ്ങി കഴിക്കുമെന്നാണ് ആളുകൾ ആശങ്കയോടെ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോഗ്രാം പഴകിയ മീൻ പിടികൂടിയത്. അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന മത്സ്യം ദിവസങ്ങളോളം സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. വർക്കലയിലെ പ്രധാനപ്പെട്ട മത്സ്യ മാർക്കറ്റാണ് നഗരസഭയുടെ അധീനതയിൽ പ്രവർത്തിക്കുന്ന പുന്നമൂട് മാർക്കറ്റ്.വില്പനയ്ക്ക് എത്തുന്നവയിൽ ഫ്രോസൺ മത്സ്യങ്ങളാണ് അധികവും.വില്പനയ്ക്കുശേഷം ബാക്കി വരുന്ന മത്സ്യങ്ങൾ മതിയായ ഫ്രോസൺ സൗകര്യങ്ങളില്ലാതെ മാർക്കറ്റിൽ തന്നെ കെട്ടി സൂക്ഷിക്കുകയും തുടർദിവസങ്ങളിൽ വില്പന നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി.
പിടിച്ചെടുത്തവയിൽ വലിയ അളവിൽ കണവ, ചൂര, ആവോലി, വാള, വേളാപാര തുടങ്ങിയ മീനുകളും ഉൾപ്പെടുന്നു. പിടിച്ചെടുത്ത മീനുകൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
ഒരാഴ്ച മുൻപ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മാർക്കറ്റിൽ എത്തി കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ മത്സ്യം വില്പന ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരായ ഹാസ്മി, പിങ്കി, മുബാറക്ക് എന്നിവർ പങ്കെടുത്തു.
മാർക്കറ്റിൽ നിന്ന് നിരോധിത വിഭാഗത്തിൽപ്പെട്ട 25 കിലോഗ്രാം പ്ലാസ്റ്റിക്കും ആരോഗ്യവിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.കൂടാതെ വർക്കല ഗവൺമെന്റ് സ്കൂളിന് സമീപം പ്ലാസ്റ്റിക് വിൽപന നടത്തിയതിന് പിഴയൊടുക്കാത്ത സ്ഥാപനം ഉദ്യോഗസ്ഥർ ഇടപെട്ട് അടപ്പിച്ചു.


