
വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും രണ്ട് പുതിയ ബസ് സർവീസുകൾക്ക് തുടക്കമായി. ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന വെഞ്ഞാറമൂട്–മെഡിക്കൽ കോളേജ് സർവീസും മുടങ്ങിക്കിടന്ന ആറ്റിങ്ങൽ ചെറുവാളം–കല്ലറ സർവീസും ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.
വെഞ്ഞാറമൂട്–പോത്തൻകോട്–ചന്തവിള–കഴക്കൂട്ടം–കാര്യവട്ടം–മെഡിക്കൽ കോളേജ്–കിഴക്കേകോട്ട റൂട്ടിലൂടെയാണ് പുതിയ സർവീസ് നടത്തുന്നത്. നഗര-പുറപ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇത് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഏറെ നാളായി നിലച്ചിരുന്ന ആറ്റിങ്ങൽ–ചെറുവാളം ബസ് സർവീസ് പുനരാരംഭിച്ചു. കല്ലറ–ചെറുവാളം–കാരേറ്റ്–വാമനപുരം–കളമച്ചൽ വഴി ആറ്റിങ്ങലിൽ എത്തും.
ഇരുസർവീസുകളുടെയും ഫ്ലാഗ് ഓഫ് ചടങ്ങ് എം.എൽ.എ ഡി. കെ. മുരളി നിർവഹിച്ചു. ജനപ്രതിനിധികളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.


