നഗരൂരിൽ അച്ഛനും മകനും മരിച്ചത്  വൈദ്യതാഘാതമേറ്റ്, രണ്ട് പേർ അറസ്റ്റിൽ  

Attingal vartha_20260304_150240_0000

നഗരൂർ : നഗരൂരിൽ കാട്ടുപന്നിയെ തുരത്താൻ കെട്ടിയ വൈദ്യുത വേലിയിൽ നിന്നു ഷോക്കേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

നഗരൂർ കുറിയിടത്ത് കോണത്ത്, കോണത്ത് വീട്ടിൽ ഗോപാലൻ(78),  നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്ത് മഠത്തിൽ വേണുഗോപാലൻ പോറ്റി(74) എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

നഗരൂർ പഞ്ചായത്ത് ചെമ്മരത്തുമുക്ക് വാർഡിൽ കുറിയിടത്തുകോണം കോണത്ത് വീട്ടിൽ കൊച്ചുണ്ണി (58), മകൻ അഖിൽ (33) എന്നിവരാണ് മരിച്ചത്.

വീടിന് 200 മീറ്റർ അകലെ മരച്ചീനി കൃഷിചെയ്തിരുന്ന ഭാഗത്ത് നീർച്ചാലിൽ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷി നടത്തിയിരുന്ന ഗോപാലനാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസ് എത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു.

വീടിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച വിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത് മണിക്കൂറുകൾ കഴിഞാണ്. കിളിമാനൂർ ബ്ലോക്ക് പ‍ഞ്ചായത്ത് ഓഫിസിനു സമീപത്താണ് കുറിയിടത്തുമഠം. മരണപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ നിന്നും ഏകദേശം 100 മീറ്റർ മാറി വടക്ക് ഭാഗത്തെ പണയിലെ നീർച്ചാലിൽ ആണ് ഇവരുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്.

മൃതദേഹങ്ങൾ ചാലിൽ കിടന്നതിനാൽ റോഡ് വഴി നടന്നു പോകുന്നവർക്ക് കാണാൻ കഴിയുമായിരുന്നില്ല. മരണപ്പെട്ട കൊച്ചുണ്ണിയുടെ മകൾ അതുല്യയുടെ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം നടക്കുമ്പോൾ കൊച്ചുണ്ണിയുടെ ഭാര്യ അംബിക, മകൾ, മരുമകൻ എന്നിവർ ആശുപത്രിയിലായിരുന്നു. മരണപ്പെട്ട അഖിലും കുടുംബവും പുളിമാത്ത് പഞ്ചായത്തിൽ മൊട്ടലുവിള എന്ന സ്ഥലത്ത് വാടക വീട്ടിലാണ് താമസം. അപകടം നടന്ന സമയത്ത് അഖിലിന്റെ ഭാര്യയും മക്കളും വാടകവീട്ടിലായിരുന്നു. അഖിൽ തിങ്കളാഴ്ച്ച വൈകിട്ടോടെ കുറിയിടത്തുകോണം കോണത്ത് വീട്ടിൽ എത്തിയിരുന്നു. രാത്രിയിൽ എപ്പഴോ ആണ് അച്ഛനും മകനും ദുരന്തം സംഭവിച്ചതെന്നാണ് നിഗമനം.

കുറിയിടത്തുമഠത്തിലെ നാരായണൻ പോറ്റിയുടെ വസ്തുവിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണൻപോറ്റി പെരുമ്പാവൂരിലാണ് താമസം. മഠത്തിന്റെ വസ്തുവകകൾ നോക്കി നടത്താൻ ചുമതലപ്പെടുത്തിയിട്ടുള്ള  ഗോപാലനാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇന്നലെ രാവിലെ ഗോപാലൻ കൃഷി നോക്കാൻ എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കാണുന്നത്.

അതേ സമയം, കാട്ടുപന്നിയെ തുരത്താൻ വൈദ്യുത വേലി സ്ഥാപിച്ചത് അനധികൃതമായിട്ടാണെന്ന് കണ്ടെത്തി.

ഗോപാലനും സ്ഥലം ഉടമയുടെ സഹോദരൻ വേണുഗോപാലൻ പോറ്റിയും ചേർന്നാണ് കൃഷിയിടത്തിൽ അനധികൃതമായി വൈദ്യുത വേലികൾ സ്ഥാപിച്ചിരുന്നത്.  ഇതറിയാതെ കൃഷിയിടത്തിൽ നിന്നും മരിച്ചീനി പറിക്കുന്നതിനിടെയാണ് അച്ഛനും മകനും വൈദ്യുതാഘാതമേറ്റത്. രാവിലെ കൃഷിയിടത്തിൽ എത്തിയ ഗോപാലൻ ഇരുവരെയും മരിച്ച നിലയിൽ കണ്ടതോടെ പിടിക്കപ്പെടാതിരിക്കാൻ വൈദ്യുത വേലി പ്രദേശത്ത് നിന്നും നീക്കി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് വൈദ്യുത വേലി കണ്ടെടുത്തു. കാട്ടു പന്നിയെ തുരത്തുന്നതിനായാണ് വേലി സ്ഥാപിച്ചത് എന്നാണ് ഗോപാലൻ പോലീസിന് മൊഴി നൽകിയത്. പ്രാഥമിക പരിശോധനയിൽ തന്നെ വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലാകുന്നത്.പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!