ആറ്റിങ്ങൽ :ആറ്റിങ്ങൽ പൂവമ്പാറമുതൽ മൂന്നുമുക്കുവരെ നിലവിലെ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ദർഘാസുകളുടെ പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ടെൻഡർ ചടങ്ങിൽ രണ്ടുപേർ രംഗത്തെത്തി. സാങ്കേതിക, സാമ്പത്തിക പരിശോധനകളാണ് നടക്കുക. ഇതിന് അംഗീകാരമാകുന്നതോടെ നിർമാണത്തിലേക്ക് കടക്കാനാകും.പദ്ധതി പ്രദേശത്തെ പുറമ്പോക്ക് ഭൂമി പൂർണമായി ഏറ്റെടുത്തു. സർക്കാർ വകുപ്പുകളുടെ കൈവശമുള്ളതിൽ നിന്ന് വികസനത്തിന് ആവശ്യമായ ഭൂമിയും എടുത്തിട്ടുണ്ട്. നാല് ഘട്ടമായാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നത്. പുറമ്പോക്ക് പൂർണമായി ഒഴിപ്പിച്ചെടുത്താണ് ഒന്നാംഘട്ടം. പദ്ധതിപ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി 112 പേർ 72 സെന്റ് പുറമ്പോക്ക് സ്ഥലം കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി കൈയേറ്റം ഒഴിപ്പിച്ചെടുത്തു. ഇതിനിടെ ചിലർ പരാതിയുമായി എത്തിയെങ്കിലും നഗരസഭ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ദേശീയപാതാവിഭാഗവും റവന്യൂ വകുപ്പും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാംഘട്ടമെന്ന നിലയിൽ സർക്കാർ വക ഭൂമി ഏറ്റെടുത്തു. റവന്യൂ വകുപ്പ്, ട്രഷറി, നഗരസഭ എന്നിവയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് ജില്ലാകളക്ടർ പുറപ്പെടുവിച്ചിരുന്നു. പോസ്റ്റൽ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 2.4 സെന്റ് സ്ഥലം കൂടി പദ്ധതിക്കായി ലഭിക്കണം.ഭൂമിയേറ്റെടുക്കൽ നടപടികളുൾപ്പെടെയുള്ളവ അന്തിമഘട്ടത്തിലാണ്.