
ആറ്റിങ്ങൽ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തിൽ ആറ്റിങ്ങൽ സ്വദേശിക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ വലിയകുന്ന് ചരുവിള പുത്തൻ വീട്ടിൽ കുട്ടപ്പന്റെ മകൻ ശ്രീക്കുട്ടൻ (25) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ചഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ രണ്ടാം പാപ്പാൻ ആയിരുന്നു ശ്രീക്കുട്ടൻ
വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28),ശ്രീക്കുട്ടൻ എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.


