വീട് നിർമ്മാണത്തിനിടെ മർദ്ദനം: വീട്ടമ്മയ്ക്കും കുടുംബത്തിനും 16 വർഷത്തിന് ശേഷം നീതി; അഞ്ചുപേർക്ക് തടവ് ശിക്ഷ

Attingal vartha_20260510_182212_0000

​പോത്തൻകോട്: വീട് നിർമ്മാണത്തിനുള്ള കല്ലിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീട്ടമ്മയെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ച കേസിൽ 16 വർഷത്തിന് ശേഷം വിധി. പ്രതികളായ അഞ്ചുപേർക്ക് വിവിധ വകുപ്പുകളിലായി എട്ട് വർഷം തടവും പിഴയും തിരുവനന്തപുരം പോക്സോ കോടതി ശിക്ഷ വിധിച്ചു.

​തേരുവിള കുന്നംപുറത്ത് മേലേവിള വാർഡിൽ പ്രേമലത, ഭർത്താവ് വേണുഗോപാൽ നായർ, മക്കളായ ശബരി, ശ്യാമ എന്നിവർക്കാണ് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചത്. കേസിൽ പ്രതികളായ മധുസൂദനൻ നായർ (കൊച്ചുമണി), ശശിധരൻ നായർ, സുരേന്ദ്രൻ നായർ, മനോഹരൻ (അമ്പിളി), അശോകൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

​2010 മേയ് 6-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇ.എം.എസ് ഭവനപദ്ധതി പ്രകാരം വേണുഗോപാൽ നായരുടെ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമ്മാണ സാമഗ്രികൾ സ്ഥലത്തെത്തിച്ചപ്പോൾ, കല്ലുകൾ വീട്ടുകാർ തന്നെ ഇറക്കിയതാണ് സംഘർഷത്തിന് കാരണമായത്. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.

​ആക്രമണത്തിൽ പ്രേമലതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടിവയറ്റിൽ ചവിട്ടും കല്ലുകൊണ്ടുള്ള ഇടിയുമേറ്റ ഇവർക്ക് ദീർഘകാലം ചികിത്സ തേടേണ്ടി വന്നു. വേണുഗോപാലൻ നായർക്ക് ഇരുമ്പ് കമ്പികൊണ്ട് മർദ്ദനമേറ്റു. അന്ന് പ്രായപൂർത്തിയാകാത്ത മക്കളെയും പ്രതികൾ ഉപദ്രവിച്ചു.

​ആക്രമണത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികൾ പ്രേമലതയ്ക്കും കുടുംബത്തിനുമെതിരെ വ്യാജപരാതി നൽകി കേസുകൾ രജിസ്റ്റർ ചെയ്യിച്ചിരുന്നു. ഇതോടെയാണ് കുടുംബം നീതിക്കായി നിയമപോരാട്ടം തുടങ്ങിയത്. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിലായി വർഷങ്ങളോളം കേസ് നീണ്ടു.

​ഒടുവിൽ തിരുവനന്തപുരം പോക്‌സോ കോടതി കേസ് പരിഗണിക്കുകയും പ്രതികൾക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു. അതോടൊപ്പം, പ്രേമലതയ്ക്കും ഭർത്താവിനുമെതിരെ പ്രതികൾ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ കോടതി അവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

​വാദിഭാഗത്തിന് വേണ്ടി അഡ്വ. നിസാം കണിയാപുരം ഹാജരായി. അസോസിയേറ്റുകളായ അഡ്വ. ഫിലിപ് കെ. കോശി, അഡ്വ. ഷംന, അഡ്വ. സോഫിയ, അഡ്വ. ആദിത്, അഡ്വ. സുൽത്താന എന്നിവരും കേസ് നടത്തിപ്പിൽ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!