
ഒറ്റൂർ : കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് വികാസ് പുരസ്കാരത്തിൽ ഉജ്ജ്വല നേട്ടവുമായി ഒറ്റൂർ ഗ്രാമപഞ്ചായത്ത്. രാജ്യത്തെ ഏറ്റവും മികച്ച ശിശുസൗഹൃദ പഞ്ചായത്തുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഒറ്റൂർ കേരളത്തിന്റെ അഭിമാനമായത്. 50 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിക്കുക.
ഇന്ത്യയിലെ രണ്ട് ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കടുത്ത മത്സരത്തിനൊടുവിൽ ഒറ്റൂർ ഈ ചരിത്ര നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഇറ്റ്ഗോൺ, കർണാടകയിലെ ഹലനായകനഹള്ളി എന്നീ പഞ്ചായത്തുകളാണ് ഈ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സമഗ്ര വികസനത്തിനുമായി പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതികളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ഗ്രാമസഭകൾ ചേരുകയും അവരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.
സ്കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ, പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് അങ്കണവാടികൾ എന്നിവ സജ്ജമാക്കി. മാവിൻമൂട് ഗവ. എൽ.പി.എസിലെ ‘വർണക്കൂടാരം’ പദ്ധതിയും ശ്രീനാരായണപുരം സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടവും ശ്രദ്ധേയമാണ്.
കൃത്യമായ പോഷകാഹാര വിതരണം ഉറപ്പാക്കി. രണ്ടു കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം, ഞെക്കാട് സ്കൂളിലെ കുട്ടികൾക്കായുള്ള ജിം എന്നിവ കുട്ടികളുടെ ശാരീരിക വളർച്ച ലക്ഷ്യമിട്ടുള്ളതായിരുന്നു.
കുട്ടികളുടെ സംരക്ഷണത്തിനായി ലീഗൽ എയ്ഡ് സെൽ, ജാഗ്രതാ സമിതി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികൾക്കായുള്ള പ്രത്യേക മാലിന്യസംസ്കരണ സംവിധാനങ്ങളും ലൈബ്രറി സൗകര്യങ്ങളും പഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. സെക്രട്ടറി എൽ.എച്ച്. ശ്രീലേഖ, പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡെക്സ് വിഭാഗം കൈകാര്യം ചെയ്ത പ്രോജക്ട് അസിസ്റ്റന്റ് ദേവദത്തൻ ദേവ്, സീനിയർ ക്ലർക്ക് എസ്. ശ്രീജ, അക്കൗണ്ടന്റ് വിഷ്ണു പ്രസാദ്, ഹെഡ് ക്ലർക്ക് എ. ബിനു, അസിസ്റ്റന്റ് സെക്രട്ടറി എ.എം. ജുഗുനു എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഗ്രാമീണ ഇന്ത്യയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് പഞ്ചായത്തുകളുടെ സംഭാവനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പുരസ്കാരങ്ങൾ നൽകി വരുന്നത്. സമാനമായ വികസന രീതികൾ സ്വീകരിക്കാൻ മറ്റ് പഞ്ചായത്തുകൾക്ക് ഒറ്റൂരിന്റെ ഈ വിജയം വലിയ പ്രചോദനമാകും.


