പാങ്ങോട് : പാങ്ങോട്, കല്ലറ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന പരാതി പെട്ടികൾ പുന:സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. 10 വർഷം മുൻപ് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ 15ഓളം സ്ഥലത്ത് സ്ഥാപിച്ച പരാതി പെട്ടികളുടെ പ്രവർത്തനം നിലച്ചിട്ട് 4 വർഷത്തിലധികമായി. ഇതുവരെയും അത് പുനഃസ്ഥാപിക്കാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അക്രമവും സാമൂഹിക വിരുദ്ധ ശല്യവുമെല്ലാം നിയന്ത്രിക്കാൻ സഹായകമായിരുന്നു ഈ പരാതി പെട്ടികൾ. പേരോ മേൽവിലാസമോ ഇല്ലാതെ ആർക്കും പരാതി ഇടാമെന്നതായിരുന്നു അന്ന് ഇത് വിജയിക്കാൻ കാരണം. കിട്ടുന്ന പരാതികൾ കൃത്യമായി പോലീസ് അന്വേഷിച്ചു നടപടി സ്വീകരിച്ചിരുന്നു. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പരാതി പെട്ടികൾ ആശ്വാസവും പ്രതീക്ഷയുമായിരുന്നു. ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും പിടികിട്ടാപുള്ളികളുടെയും വിവരങ്ങൾ പോലീസിനെ അറിയിക്കാൻ അത് നല്ലൊരു മാർഗം കൂടിയായിരുന്നു. എന്നാൽ ഇന്ന് പരാതി പെട്ടികൾ ഇല്ലാ എന്നാണ് നാട്ടുകാരുടെ പരാതി. അധികൃതർ ഇടപെട്ടു കൊണ്ട് ആ പദ്ധതിക്ക് വീണ്ടും ജീവൻ നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.