
കിളിമാനൂർ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയ്ക്കൽ സ്വദേശി ശരത് ബാബു (55)വിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
17 വയസും 13 വയസും പ്രായമുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കുടുംബത്തിലെ ദോഷങ്ങൾ മാറുന്നതിനും മാതാവിന് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുമായി ഇയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് പെൺകുട്ടികളെ വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയതെന്ന് റിപ്പോർട്ട് .
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. തുടർന്ന് ഭൂമി വിൽപ്പന സുഗമമായതോടെ ഇയാളിലുള്ള വിശ്വാസം കുടുംബത്തിന് വർധിക്കുകയും, വീട്ടിലെ സ്ഥിരം സന്ദർശകനായി മാറുകയും ചെയ്തിരുന്നു.
ഈ വിശ്വാസം ദുരുപയോഗം ചെയ്ത് വീട്ടിലും ലോഡ്ജിലുമായി പെൺകുട്ടികളെ ക്രൂരമായി ചൂഷണം ചെയ്തതായാണ് വിവരം.
കുട്ടികൾക്ക് നൽകിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


