കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റും -സുപ്രധാന പ്രഖ്യാപനങ്ങൾ

Attingal vartha_20260529_112109_0000

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം നടത്തി ഗവർണർ രാജേന്ദ്ര അർലേകർ. കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും പോർട്ടുകളും പാർക്കുകളും അടിമുടി മാറ്റുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പട്ടികജാതി-വർഗ്ഗ വികസനത്തിന് ഊന്നൽ നൽകുമെന്നും ആധുനിക സാങ്കേതിക വിദ്യയും ഭൂമിയും വീടും ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ വ്യക്തമാക്കി.

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ ഉറപ്പാക്കും.

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നും, ജോലിസ്ഥലങ്ങളിൽ തുല്യവേതനം നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കും.

സംസ്ഥാനത്തെ സ്ത്രീസൗഹൃദമാക്കുന്നതിനൊപ്പം കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അനാഥരഹിത സംസ്ഥാനമാക്കി’ (Orphan-free state) മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മിഷൻ മോഡ് ദത്തെടുക്കൽ കാമ്പെയ്‌നുകളും പരിശീലനം ലഭിച്ച ഫോസ്റ്റർ കുടുംബങ്ങളുടെ ശൃംഖലയും രൂപീകരിക്കും.

സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

കേരളത്തെ നിർമ്മാണ മേഖലയുടെയും ലോജിസ്റ്റിക്സിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി പോർട്ടുകൾ കേന്ദ്രീകരിച്ചുള്ള വികസനവും ഇൻഡസ്ട്രിയൽ പാർക്കുകളുടെ വിപുലീകരണവും ലക്ഷ്യമിടുന്നതായി നയപ്രഖ്യാപനത്തിൽ പറയുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്‌പേസ് ടെക്‌നോളജി തുടങ്ങി വളർന്നുവരുന്ന മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതോടൊപ്പം പാരമ്പര്യ വ്യവസായങ്ങളായ കയർ, കൈത്തറി, പ്ലാന്റേഷൻ എന്നിവയെ സംരക്ഷിക്കാനും ഡിജിറ്റൽ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികൾ ഉറപ്പാക്കാനും സർക്കാർ പദ്ധതിയിടുന്നു.

സംസ്ഥാനത്തെ ഐടിഐകളെ (ITI) അത്യാധുനിക ‘ഹബ് ആൻഡ് സ്‌പോക്ക്’ മോഡലിൽ നവീകരിക്കാനും ട്രെയിനികൾക്ക് ഉൽപ്പാദന കേന്ദ്രങ്ങൾ വഴി തൊഴിൽ നൈപുണ്യം നൽകാനും കുടിയേറ്റ തൊഴിലാളികൾക്കായി ഏകീകൃത പോർട്ടൽ വഴി രജിസ്‌ട്രേഷൻ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ട് ജനകീയ ഭരണ സംവിധാനത്തിലൂടെ വികസനം ഓരോ പൗരനിലേക്കും എത്തിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നു

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഐടിഐകളും മറ്റ് പരിശീലന കേന്ദ്രങ്ങളും അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ്‌റൂമുകളും സഹിതം നവീകരിച്ച് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ കാലത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ സംരംഭകരാകാൻ വലിയ അവസരമൊരുക്കും.

ഗോത്രവർഗക്കാരുടെ ഭൂമിക്കായുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, വനാവകാശ നിയമം കർശനമായി നടപ്പിലാക്കാനും ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും സമയബന്ധിതമായ മിഷൻ ആരംഭിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി

കൂടാതെ, ലൈഫ് മിഷന് കീഴിലെ വീടുകൾ നവീകരിക്കുന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും പിഎസ്സി, യുപിഎസ്സി തുടങ്ങിയ മത്സരപരീക്ഷകൾക്കായി പ്രത്യേക പരിശീലനവും സംരംഭകർക്ക് ലോൺ സഹായങ്ങളും ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!