
കാട്ടാക്കട: കാട്ടാക്കട പിആർ വില്യംസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ അരികിൽ സ്വദേശിയായ വൈകാശ് ആണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തർക്കമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ വൈകാശ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചതായി പറയുന്നു.
വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വൈകാശ് അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് സ്കൂളിലെയും ട്യൂഷൻ സെന്ററിലെയും വിവരങ്ങൾ മാതാപിതാക്കൾ കുട്ടിയോട് സംസാരിക്കുകയും ഫോൺ നൽകാതിരിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് രാത്രി 9.30ഓടെ പിണങ്ങി മുറിയിലേക്ക് കയറിയ വൈകാശ് വാതിൽ അടച്ചതായി ബന്ധുക്കൾ പറയുന്നു. രാത്രി 10.45ഓടെ രക്ഷിതാക്കൾ വാതിലിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് ജനലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് വൈകാശിനെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ പ്രതിസന്ധികൾക്ക് ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. മാനസിക സമ്മർദ്ദം, നിരാശ, ആത്മഹത്യാ ചിന്തകൾ എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻ വിശ്വസനീയരായ ആളുകളോടോ മാനസികാരോഗ്യ വിദഗ്ധരോടോ സംസാരിക്കുക. സഹായത്തിനായി കേരള സർക്കാർ ദിശ ഹെൽപ്ലൈൻ 1056 എന്ന നമ്പറിൽ ബന്ധപ്പെടാം.)


