വെഞ്ഞാറമൂട്ടിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ മൂന്ന് കാട്ടുപൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തി

Attingal vartha_20260603_121758_0000

വെഞ്ഞാറമൂട്: സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടന്ന പുരയിടം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ മൂന്ന് കാട്ടുപൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തി. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് റോഡിന് സമീപം പ്രവർത്തിക്കുന്ന ലോറി വർക്ക്‌ഷോപ്പിനോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം.

കാടുവെട്ടി തെളിക്കുന്നതിനിടെ തൊഴിലാളികൾ അപ്രതീക്ഷിതമായാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (ആർ.ആർ.ടി) സ്ഥലത്തെത്തി കാട്ടുപൂച്ചക്കുഞ്ഞുങ്ങളെ ഏറ്റെടുത്തു.
കുഞ്ഞുങ്ങളെ നിലവിൽ പാലോട് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമായ പരിചരണവും ആരോഗ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം ഇവയെ പാലോട് വനമേഖലയിൽ തുറന്നുവിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, വൃത്തിയാക്കിയ പുരയിടത്തിൽ രണ്ട് മുള്ളൻപന്നികളെയും കണ്ടതായി തൊഴിലാളികൾ പറഞ്ഞു. എന്നാൽ വനപാലകർ എത്തുന്നതിന് മുമ്പ് അവ രക്ഷപ്പെട്ടിരുന്നു.
ജനവാസമേഖലകളോട് ചേർന്നുള്ള കാടുപിടിച്ച പ്രദേശങ്ങളിൽ കാട്ടുപൂച്ചകൾ, മുള്ളൻപന്നികൾ തുടങ്ങിയ വന്യജീവികൾ താവളമാക്കുന്നത് സാധാരണമാണെന്ന് അധികൃതർ അറിയിച്ചു. പുരയിടങ്ങളും കാടുപിടിച്ച സ്ഥലങ്ങളും വൃത്തിയാക്കുമ്പോൾ വന്യജീവികളുടെ സാന്നിധ്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!