
തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടറാണ് പുറത്തിറക്കിയത്.
എൽപി സ്കൂളുകളിൽ ശനിയാഴ്ചകൾ ഇനി പ്രവൃത്തി ദിനങ്ങളായിരിക്കില്ലെന്ന് കലണ്ടറിൽ വ്യക്തമാക്കുന്നു. എന്നാൽ യു.പി.യും ഹൈസ്കൂൾ വിഭാഗങ്ങളിലും അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസങ്ങളായിരിക്കും.
ഓണപരീക്ഷ ഓഗസ്റ്റ് 10 മുതൽ 21 വരെ നടക്കും. ഓഗസ്റ്റ് 21-ന് ഓണാവധിക്ക് സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്കൂളുകൾ വീണ്ടും തുറക്കും.
ക്രിസ്മസ് പരീക്ഷ ഡിസംബർ 10-ന് ആരംഭിച്ച് 18-ന് അവസാനിക്കും. അതേ ദിവസം തന്നെ ക്രിസ്മസ് അവധിക്ക് സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28-ന് വീണ്ടും ക്ലാസുകൾ ആരംഭിക്കും.
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ 2027 ജനുവരി 20 മുതൽ നടക്കും. എസ്എസ്എൽസി പരീക്ഷകൾ 2027 മാർച്ചിൽ നടക്കും. പ്ലസ് വൺ, പ്ലസ് ടൂ വാർഷിക പരീക്ഷകൾ മാർച്ച് 2-ന് ആരംഭിച്ച് 29-ന് അവസാനിക്കും.


