
ആറ്റിങ്ങൽ: ഇന്ധനവില വർധനവിനെതിരെ ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ പ്രതിഷേധം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.
ഡീസൽ വില വർധനവ് പിൻവലിക്കണമെന്നും, പൊതുഗതാഗത മേഖലയ്ക്ക് സബ്സിഡി നിരക്കിൽ ഡീസൽ ലഭ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. കൂടാതെ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.
ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സീ ഷാജിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം . പ്രദീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി വി. ജയറാം സ്വാഗതം ആശംസിച്ചു. ട്രഷറർ ഷാൻ മഠത്തിൽ നന്ദി രേഖപ്പെടുത്തി.


