വയോധമ്പതികളുടെ വീടിന് നേരെ ആക്രമണം; വീടിന് തീയിട്ടു, ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്നു

Attingal vartha_20260617_125006_0000

നാവായിക്കുളം: വയോധമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്റെ മുൻവശത്ത് തീയിട്ടതോടൊപ്പം ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കഴുത്തറുത്ത് കൊന്ന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.

നാവായിക്കുളം വൈരമല ഹനിയ മൻസിലിൽ ഷംസുദ്ദീന്റെ വീടാണ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്. ഷംസുദ്ദീനും ഭാര്യ സാബിറയും അസുഖബാധിതനായ മകനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
ഉറക്കത്തിനിടെയാണ് വീടിന്റെ മുൻവശത്ത് തീ ആളുന്നതുകണ്ട് കുടുംബം ഉണർന്നത്.

അടുക്കളവാതിലിലൂടെ പുറത്തിറങ്ങിയ ഷംസുദ്ദീൻ വെള്ളം കോരിയൊഴിച്ച് തീ അണച്ചതിനാൽ തീ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ രക്ഷപ്പെട്ടു. എങ്കിലും വീട്ടിലെ ഫർണിച്ചറുകൾ കത്തിനശിച്ചു.

തീപിടിത്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആട്ടിൻകൂട്ടിലുണ്ടായിരുന്ന നാലുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ചെറുതോട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ആട്ടിൻകുട്ടിയെ കണ്ടെത്തി.

സംഭവം പഞ്ചായത്തംഗം വിജിൻ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്ത് പൊട്ടിയ മദ്യക്കുപ്പിയും വീടിന്റെ ഭിത്തിയിൽ കല്ലുകൊണ്ട് “സെയിദലി” എന്ന് എഴുതിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.

ശത്രുക്കളാരുമില്ലാത്ത ഷംസുദ്ദീന്റെ വീടിന് നേരെയുണ്ടായ ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആട്ടിൻകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മറവ് നടത്തി. സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഥലവാസി സൗജന്യമായി നൽകിയ ഭൂമിയിൽ ജീവകാരുണ്യ പ്രവർത്തകൻ ടോണി നിർമിച്ചുനൽകിയ വീട്ടിലാണ് ഷംസുദ്ദീനും കുടുംബവും താമസിച്ചുവരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!