ആക്രിക്കടയിൽ വിറ്റ നിലവിളക്കുകൾ തിരിച്ചുപിടിച്ചു; ക്ഷേത്രമോഷണ പ്രതി കടയ്ക്കാവൂർ പോലീസിന്റെ പിടിയിൽ

Attingal vartha_20260618_125600_0000

കടയ്ക്കാവൂർ: ക്ഷേത്രത്തിന്റെ ഗേറ്റ് കുത്തിത്തുറന്ന് നിലവിളക്കും തൂക്കുവിളക്കും മോഷ്ടിച്ച് കടന്ന പ്രതി ഒടുവിൽ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി പോലീസിന്റെ വലയിലായി. കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലെ മണമ്പൂർ കണ്ണങ്കര ശ്രീ മണ്ണറക്കാവ് മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നടന്ന മോഷണക്കേസിലാണ് പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.

ജൂൺ 10-ന് പകൽ സമയത്തായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റ് കുത്തിത്തുറന്ന് അകത്ത് കടന്ന പ്രതി അവിടെയുണ്ടായിരുന്ന നിലവിളക്കും തൂക്കുവിളക്കും മോഷ്ടിച്ച് കടന്നുകളഞ്ഞു. എന്നാൽ മോഷണത്തിന്റെ ഓരോ നിമിഷവും ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്.

മണമ്പൂർ കണ്ണങ്കര ചറുവിള പുത്തൻവീട്ടിൽ 35-കാരനായ സുൽഫിക്കറെയാണ് പ്രതിയായി തിരിച്ചറിഞ്ഞത്. ഇതിനിടെ മറ്റൊരു ബൈക്ക് മോഷണക്കേസിൽ റിമാൻഡിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച നിലവിളക്കും തൂക്കുവിളക്കും ആറ്റിങ്ങലിന് സമീപത്തെ ഒരു ആക്രിക്കടയിൽ വിറ്റതായി ഇയാൾ വെളിപ്പെടുത്തി.

തുടർന്ന് പ്രതിയുമായി ആക്രിക്കടയിലെത്തി പോലീസ് മോഷണ വസ്തുക്കൾ കണ്ടെടുത്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കടയ്ക്കാവൂർ എസ്.എച്ച്.ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജിത്ത്, എ.എസ്.ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, അനന്തു, മെബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കല്ലമ്പലം, കടയ്ക്കാവൂർ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, അടിപിടി തുടങ്ങിയ നിരവധി കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!