പുതുയുഗ കേരളം ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്; വികസന പദ്ധതികളുടെ വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Attingal vartha_20260619_102716_0000

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ സംസ്ഥാന ബജറ്റ് മുഖ്യമന്ത്രി വി . ഡി . സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. അടുത്ത അഞ്ചുവർഷത്തേക്കുള്ള കേരളത്തിന്റെ വികസന ദിശ നിർണയിക്കുന്ന ബജറ്റാണിതെന്നും “പുതുയുഗ കേരളം” സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഒമ്പത് മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ധനകാര്യ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കന്റോൺമെന്റ് ഹൗസിലെത്തി അച്ചടിച്ച ബജറ്റ് പകർപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

ബജറ്റിൽ ഗ്രാമവികസനത്തിനായി 2,138 കോടി രൂപ വകയിരുത്തി. ഗ്രാമസഭകളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. റോഡ് അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. പുതുതലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇൻക്യുബേഷൻ സെന്ററുകൾക്ക് 10 കോടി രൂപ അനുവദിച്ചു.

കശുവണ്ടി മേഖലയ്ക്ക് സമഗ്ര പാക്കേജും മൺപാത്ര നിർമാണ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

Cyberpark Kozhikode നെ Infopark Kochi, Technopark എന്നിവയുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നും അറിയിച്ചു.

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി 5 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. എൻഡോസൾഫാൻ ബാധിതർക്കുള്ള എല്ലാ അർഹമായ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും സർക്കാർ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ 192.20 കോടി രൂപ വകയിരുത്തി.

മലയാളം എഐ സംരംഭത്തിന് 10 കോടി രൂപയും ജെൻസി, ന്യൂജെൻ സാങ്കേതികവിദ്യ വികസനത്തിന് 50 കോടി രൂപയും അനുവദിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 75 രൂപയായി വർധിപ്പിച്ചു. പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. പട്ടയം ലഭിക്കാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകും. മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ സർക്കാർ വേതനം നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തും. നാളികേരത്തിനായി പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. ക്ഷീരവികസനത്തിന് 102.88 കോടി രൂപയും, മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുത്പാദനം ഒരു കോടി ലീറ്ററാക്കാനുള്ള പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി. സ്കൂളുകളിൽ പൗൾട്രി ക്ലബുകളും ആരംഭിക്കും.

അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയത്തിനായി 66.20 കോടി രൂപ വകയിരുത്തി. ആസൂത്രണ ബോർഡിനെ തിങ്ക് ടാങ്കായി പുനഃസംഘടിപ്പിക്കുമെന്നും അറിയിച്ചു.

പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കുമെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സ്കൂൾ ഓഫ് പ്ലാനിങ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ പിപിപി മാതൃകയിൽ ആരംഭിക്കും.

ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് പ്രാഥമികമായി 10 കോടി രൂപ അനുവദിച്ചു. കേരള പാചകകല ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട്ട് എം.ടി. വാസുദേവൻ നായർ സ്മാരക കൾച്ചറൽ പാർക്ക്, തൃശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി എന്നിവയും പ്രഖ്യാപിച്ചു.

കേരള അർബൻ ഗ്രോത്ത് മിഷന് 100 കോടി രൂപയും, മലബാറിൽ ആധുനിക ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി രൂപയും വകയിരുത്തി. കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കുമെന്നും അറിയിച്ചു.

സമഗ്ര ലാൻഡ് മാനേജ്മെന്റ് നയം, ലാൻഡ് ബാങ്ക്, “ഭൂപരിഷ്കരണം–2” എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തി. വയോജന വകുപ്പിന് 10 കോടി രൂപയും “വൺ കേരള കരുതൽ മിഷൻ” പദ്ധതിയും പ്രഖ്യാപിച്ചു.

വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടി രൂപയും, ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിന് 200 കോടി രൂപയും അനുവദിച്ചു. കേരള നോളജ് വാലി പദ്ധതിയിലൂടെ വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക നിയമനിർമാണം കൊണ്ടുവരുമെന്നും വ്യക്തമാക്കി.

തൊഴിൽ മേഖലയിലെ പദ്ധതികൾക്കും, ഗ്ലോബൽ ജോബ് വാച്ച് ടവർ, സാറ്റലൈറ്റ് ടെക്നോളജി, ബഹിരാകാശ സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കും പ്രത്യേക പ്രോത്സാഹനം പ്രഖ്യാപിച്ചു.

കേരളത്തെ പോർട്ട് സിറ്റിയാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മാരിടൈം മ്യൂസിയം, മിഷൻ സമുദ്ര പദ്ധതി (400 കോടി), ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം സെൽ, കൊച്ചി വിമാനത്താവളത്തിൽ ഗ്ലോബൽ കൺവെൻഷൻ സെന്റർ എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു.

അതേസമയം, ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ കടബാധ്യത വർധിപ്പിക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പങ്കുവച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!