
വർക്കലയിൽ രണ്ട് കൊലപാതക കേസുകളുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല വെന്നിക്കോട് സ്വദേശിയായ പടക്കം പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ് (37), കാറാത്തല സ്വദേശിയായ കിരൺദാസ് (37) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 26-ന് വൈകിട്ട് മൂന്നുമണിയോടെ വർക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ ശ്യാമളാലയത്തിൽ താമസിക്കുന്ന മീൻകച്ചവടക്കാരനായ അജീഷ് (37)-ന്റെ വീട്ടിലെത്തിയ പ്രതികൾ വെട്ടുകത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ബഹളം കേട്ട് പുറത്തിറങ്ങിയ അജീഷിനെ വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടാൻ ശ്രമിച്ചെങ്കിലും അജീഷ് സമയോചിതമായി വാതിൽ അടച്ചതിനാൽ വെട്ട് വാതിലിൽ പതിക്കുകയായിരുന്നു. തുടർന്ന് അടുക്കളവാതിൽ വഴി ഓടി പുറത്തിറങ്ങി സമീപത്തെ കുടുംബവീട്ടിലെ മുറിയിൽ കയറി വാതിലടച്ച് അജീഷ് രക്ഷപ്പെട്ടു.
പോലീസിന്റെ അന്വേഷണത്തിൽ, വർഷങ്ങൾക്കുമുമ്പ് പ്രതികളുടെ സുഹൃത്തായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അജീഷിന്റെ സഹോദരനായ അജിത്തിനൊപ്പം അജീഷും പ്രതിയായിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് ഇരുവർക്കുമെതിരെ പ്രതികൾ വധഭീഷണി മുഴക്കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ, 2025-ൽ അജീഷ് സ്വന്തം ജ്യേഷ്ഠൻ അജിത്തിനെ തേപ്പുകരണ്ടി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ, പ്രതികളുടെ വൈരാഗ്യം അജീഷിനോട് മാത്രമായി കേന്ദ്രീകരിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


