
നാവായിക്കുളം: ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചേന്നൻകോട് മതുരക്കോട് തിരുവാതിരയിൽ ബാബു–അജിത ദമ്പതികളുടെ ഏകമകനായ അരുൺ കൃഷ്ണ (22) ആണ് മരിച്ചത്. മാവിൻമൂട് സ്വദേശി ശ്യാമിനും നെല്ലിക്കോട് സ്വദേശി ബാലുവിനുമാണ് പരുക്കേറ്റത്.
പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കല്ലമ്പലത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്ക്, ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് റോഡിൽ നിന്ന് തിരിയാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തെ തുടർന്ന് സമീപത്തെ കമ്പിവേലികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ നാട്ടുകാർ പുറത്തെടുത്ത് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ ശ്യാമും ബാലുവും അതേ ആശുപത്രിയിൽ ചികിത്സയിലാണ്.


