കടയ്ക്കാവൂരിൽ ബിയർ കുപ്പി കൊണ്ട് യുവാവിനെ ആക്രമിച്ച കേസിൽ റൗഡി ലിസ്റ്റിലുള്ള പ്രതി അറസ്റ്റിൽ

Attingal vartha_20260718_111751_0000

കടയ്ക്കാവൂർ: ബിയർ കുപ്പി പൊട്ടിച്ച് യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ റൗഡി ലിസ്റ്റിലുള്ള പ്രതിയെ കടയ്ക്കാവൂർ പൊലീസ് കോയമ്പത്തൂരിൽ നിന്ന് സാഹസികമായി പിടികൂടി.
കീഴാറ്റിങ്ങൽ എ.കെ. നഗർ കാട്ടുവിള വീട്ടിൽ കുട്ടി എന്നു വിളിക്കുന്ന എയ്‌ഷർ (26)ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെയും നിരവധി കേസുകളുണ്ടെന്നും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.

ജൂലൈ 1-ന് വൈകിട്ട് 7 മണിയോടെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴഞ്ചിറ, ചിറക്ക് സമീപം ഇരിക്കുകയായിരുന്ന മേൽകടയ്ക്കാവൂർ പഴഞ്ചിറ കല്ലുവിള വീട്ടിൽ ശരത്ത് (35)നെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ചെന്നാണ് കേസ്.

പ്രതിയുടെ സുഹൃത്തിനതിരെ ശരത്ത് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ശരത്തും സുഹൃത്തുക്കളും പഴഞ്ചിറയിൽ ഇരിക്കുമ്പോൾ സ്ഥലത്തെത്തിയ പ്രതി ആദ്യം വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ശരത്തിന്റെ തലയ്ക്ക് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ശരത്ത് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിച്ച് മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് കോയമ്പത്തൂർ മേട്ടുപ്പാളയത്തിന് സമീപം താമസിച്ച് വരികയായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ. സൈജുവിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ എസ്.ഐ. സജിത്ത്, ജയപ്രസാദ്, എ.എസ്.ഐ. ജിജു, പൊലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, മെബിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിലെത്തി പ്രതിയെ പിടികൂടി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!