ആറ്റിങ്ങൽ : സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമം തുടരുന്നു. അമിത വേഗതയും വിദ്യാർത്ഥികളെ ഇറക്കി വിടുന്നതും ഡോർ നേരെ അടയ്ക്കാത്തതും വാർത്തകളിലൂടെ ചർച്ചയാകുമ്പോൾ ഇപ്പോൾ സ്വകാര്യ ബസിൽ യാത്രചെയ്യവേ ജീവനക്കാർ വിദ്യാർഥികളെ മർദിക്കുകയും ബസിൽ നിന്നു തള്ളി പുറത്താക്കുകയും ചെയ്തതായി പുതിയ പരാതി.കെടിസിടി ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ റാഷിദ്,ഹുസൈൻ,ഹസൻ,ജിയാസ്,ആഷിക്,നൗഫൽ,ഷമീം എന്നിവർക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് കടുവയിൽപള്ളി ജംഗ്ഷനിൽ നിന്നു കയറിയപ്പോൾ സ്വകാര്യ ബസിൽ വച്ച് മർദനമേറ്റതായി പറയുന്നത്.
ബസിൽ കയറുന്നതിനിടയിൽ അസഭ്യം പറഞ്ഞ ശേഷം നാലുപേരെ തള്ളിപ്പുറത്താക്കിയതായും മൂന്നു പേരെ ആലംകോട് ജംഗ്ഷനിൽ ഇറക്കിവിട്ടതായും പരാതിയുണ്ട്. തള്ളിപ്പുറത്താക്കുന്നതിനിടയിൽ ഹുസൈന്റെ കൈക്ക് പരിക്കേറ്റു.കുട്ടികളുടെ പരാതിയെ തുടർന്ന് കെടിസിടി ചെയർമാൻ ഡോ.പി.ജെ.നഹാസ് വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും പരാതി നൽകി.
കുട്ടികൾ ബസിനുള്ളിൽ നിന്നു നിരന്തരം പീഡനങ്ങൾ അനുഭവിക്കുന്നതായും വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെ കടുവയിൽ ജംഗ്ഷനിൽ സ്വകാര്യ ബസുകൾ നിർത്താറില്ലെന്നും അഥവാ നിർത്തിയാൽ കൺസഷൻ അനുവദിക്കാറില്ലെന്നും പരാതി ഉയർന്നു. രണ്ടു മാസം മുൻപ് പെൺകുട്ടികളെ ഇത്തരത്തിൽ അപമാനിച്ച സംഭവം സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. ഇത്തരം പെരുമാറ്റങ്ങൾ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും കൂടിവരുന്നതിനാൽ നിർഭയം യാത്രചെയ്യാനും പഠിക്കാനുമുള്ള സൗകര്യമൊരുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.