ആറ്റിങ്ങൽ സ്വദേശി ശ്രീജിഷിന് ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം

Attingal vartha_20260727_145251_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ ചെമ്പൂർ കിളിത്തട്ട്മുക്ക് സ്വദേശിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായർക്ക് ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം. അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ചിരന്തനയും ദർശനയും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരത്തിനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ദുബായ് വാർത്തയുടെ മാതൃസ്ഥാപനമായ ഏഷ്യാവിഷനിൽ 2014 മുതൽ മാധ്യമപ്രവർത്തകനായി സേവനമനുഷ്ഠിച്ചുവരുന്ന ശ്രീജിഷ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, കലാകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.

കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യഗ്രന്ഥമായ “അക്ഷരക്കടലിലെ വേലിയേറ്റം” എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ചരിത്രം, വളർച്ച, നേട്ടങ്ങൾ, സാംസ്കാരിക സ്വാധീനം എന്നിവ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. പുസ്തകമേളയെക്കുറിച്ച് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ സമഗ്ര കൃതികളിലൊന്നായാണ് ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നത്.

സാഹിത്യരംഗത്തെ സംഭാവനകൾ, മാധ്യമപ്രവർത്തനത്തിലൂടെ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ചരിത്രം രേഖപ്പെടുത്തുന്നതിലുള്ള പ്രതിബദ്ധത, മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ശ്രീജിഷിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലിയും ദർശന പ്രസിഡന്റ് സി. പി. ജലീലും അറിയിച്ചു.

പ്രവാസി മലയാളികളുടെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ ചിരന്തന, മുഹമ്മദ് റാഫിയുടെ സംഗീതപാരമ്പര്യം പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 25 വർഷമായി യു.എ.ഇയിൽ മുഹമ്മദ് റാഫി അനുസ്മരണവും സംഗീതസന്ധ്യയും സംഘടിപ്പിച്ചുവരികയാണ്.

മുഹമ്മദ് റാഫിയുടെ 46-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 31 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീജിഷിന് പുരസ്കാരം സമ്മാനിക്കും. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഗായകർ പങ്കെടുക്കുന്ന സംഗീതസന്ധിയിലൂടെ മുഹമ്മദ് റാഫിയെയും മലയാളികളുടെ പ്രിയഗായിക എസ്. ജാനകിയെയും അനുസ്മരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!