
ആറ്റിങ്ങൽ: ചിരന്തനയും ദർശനയും സംയുക്തമായി സംഘടിപ്പിച്ച ചിരന്തന മുഹമ്മദ് റാഫി പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ആറ്റിങ്ങൽ സ്വദേശി ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായർ ഏറ്റുവാങ്ങി.
ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് ഉൾപ്പെടെ വിവിധ സംഘടനകളിലെ പ്രമുഖരും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംഗീതാസ്വാദകരും പങ്കെടുത്തു. ആറ്റിങ്ങൽ ചെമ്പൂർ കിളിത്തട്ട്മുക്ക് സ്വദേശിയായ ശ്രീജിഷിന് സാഹിത്യ-മാധ്യമ രംഗത്തെ ശ്രദ്ധേയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെക്കുറിച്ച് വർഷങ്ങളായി നടത്തിയ മാധ്യമ റിപ്പോർട്ടുകൾ, അഭിമുഖങ്ങൾ, ഗവേഷണപരമായ പഠനങ്ങൾ എന്നിവ സമാഹരിച്ച് കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “അക്ഷരക്കടലിലെ വേലിയേറ്റം” എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്.
ചടങ്ങിൽ ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി, ദർശന പ്രസിഡന്റ് സി.പി. ജലീൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്തവർ ശ്രീജിഷിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ സാഹിത്യ-മാധ്യമ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.


