ബസ് സ്ഥിരമായി റദ്ദാക്കുന്നു : യാത്രാദുരിതത്തിൽ കല്ലറ നിവാസികൾ

Attingal vartha_20261005_185716_0000

കല്ലറ: വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന കല്ലറ ഫാസ്റ്റിൻ്റെ വൈകുന്നേരത്തെ സർവീസ് സ്ഥിരമായി റദ്ദാക്കുന്നതായി പരാതി . തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 5.10 ന് സെക്രട്ടറിയേറ്റ് വഴി കല്ലറയ്ക്കുള്ള സർവീസ് ആണ് സ്ഥിരമായി റദ്ദ് ചെയ്യുന്നത്. പ്രസ്തുത ബസ് ഇന്ന് വൈകുന്നേരവും സർവീസ് നടത്തിയിട്ടില്ല . ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയും ബസ് വൈകുന്നേരം സർവീസ് നടത്തിയിരുന്നില്ല. തന്മൂലം കല്ലറയിലും , സമീപ പ്രദേശങ്ങളിലുമായുള്ള തിരുവനന്തപുരം നഗരത്തിൽ വിവിധ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും , മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിലേക്കുള്ള രോഗികളും , കൂട്ടിരിപ്പുകാരും,വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേരാണ് യാത്രാക്ലേശം അനുഭവിക്കുന്നത് .

വെഞ്ഞാറമൂട് ഡിപ്പോയിലെ കേടായ ബസുകൾ തിരഞ്ഞു പിടിച്ച് കല്ലറ ഫാസ്റ്റ് സർവീസ് ആയി അയക്കുന്നത് ആണെന്ന പരാതി യാത്രക്കാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി . ഷെഡ്യൂൾ ചെയ്ത വണ്ടി ഉണ്ടെങ്കിലും തകരാറിൽ ആയ സമയത്ത് മാത്രം ബസ് കല്ലറയ്ക്ക് അയച്ചതും , കേടുപാടുകൾ പരിഹരിച്ചപ്പോൾ മറ്റ് റൂട്ടുകളിലേക്ക് ഈ ബസ് അയക്കുകയാണെന്നും യാത്രക്കാർ ആരോപിച്ചു. ഇന്ന് രാവിലെ ഉൾപ്പടെ ഓടിയ നിലവിൽ ടി റൂട്ടിൽ സർവീസ് നടത്തുന്ന RSM 668 എന്ന ബസിന് ഗിയർ വീഴാത്ത സാഹചര്യം ഉണ്ടെന്നും ,ഡ്രൈവർ ഗിയറുമായി മൽപ്പിടുത്തം നടത്തുന്നത് നിത്യ കാഴ്ചയാണെന്നും യാത്രക്കാർ പറയുന്നുണ്ട് . ഇത്തരം ബസുകൾ കാരണം ഈ റൂട്ടിലെ ഡ്യൂട്ടി ചെയ്യാൻ ഡ്രൈവർമാർ താത്പര്യപ്പെടുന്നില്ലെന്നും ,അധികാരികൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.വിഷയം എം എൽ എ യുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സേവ് കല്ലറ ബോണ്ട് സർവീസ് ആക്ഷൻ കൗൺസിൽ അറിയിച്ചു. വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാത്ത പക്ഷം വെഞ്ഞാറമൂട് ഡിപ്പോ അധികാരികൾക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് യാത്രക്കാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!