
ഷാർജ: ആറ്റിങ്ങൽ സ്വദേശിയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരുടെ രണ്ടാമത്തെ പുസ്തകം ‘A Fair c/o Sharjah’ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 1982 മുതലുള്ള ചരിത്രവും വളർച്ചയും സംഭാവനകളും സമഗ്രമായി അടയാളപ്പെടുത്തുന്ന ഇംഗ്ലീഷിലെ ആദ്യ പുസ്തകമെന്ന പ്രത്യേകതയോടെയാണ് കൃതി പുറത്തിറങ്ങിയത്.
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടനദിനമായ നവംബർ 4 ബുധനാഴ്ച രാത്രി എട്ടിന് ഷാർജ എക്സ്പോ സെന്ററിലെ ഹാൾ 7-ലെ റൈറ്റേഴ്സ് ഫോറത്തിലായിരുന്നു പ്രകാശനച്ചടങ്ങ്.
ആറ്റിങ്ങൽ സ്വദേശിയായ ശ്രീജിഷിന്റെ പുസ്തകം ദുബായ് വാർത്ത ചീഫ് എഡിറ്റർ നിസ്സാർ സൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാള നാടകവേദിയിലെ അതുല്യപ്രതിഭ വക്കം ഷക്കീർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസണ് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
ശ്രീജിഷിന്റെ വ്യക്തിഗത വെബ്സൈറ്റായ www.sreejish.in-ന്റെ ഉദ്ഘാടനം ലിപി പബ്ലിക്കേഷൻസ് മേധാവി ലിപി അക്ബർ നിർവഹിച്ചു.
എം.എ. സുഹൈൽ അവതാരകനായ ചടങ്ങിൽ ദീപാ ഗണേഷ്, ഗീതാ മോഹൻ, പുന്നക്കൻ മുഹമ്മദലി, എം.സി.എ. നാസർ, അഹമ്മദ് ഷെരീഫ്, അമ്മാർ കിഴുപറമ്പ്, ആമിന നിസ്സാർ, കെ.വി.എം. ദാവൂദ്, രാകേഷ് രാജ്, രഹം സിതാര, മുരളി ഇകറൂൾ, സജ്ന അബ്ദുള്ള, മച്ചിങ്ങൽ രാധാകൃഷ്ണൻ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ആക്കാഫ് ഇവന്റ്സ് പ്രതിനിധികളായ വി.എസ്. ബിജുകുമാർ, ജൂഡ് ആന്റണി, റാണി സുധീർ, മനോജ് കെ.വി., സജി എസ്. പിള്ള, ഡയാന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
എഴുത്തുകാരും മാധ്യമപ്രവർത്തകരും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യംകൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
ആറ്റിങ്ങലിൽനിന്ന് പ്രവാസലോകത്തെ മാധ്യമപ്രവർത്തനത്തിലേക്കും എഴുത്തിന്റെ വിശാലമായ ലോകത്തേക്കും വളർന്ന ശ്രീജിഷിന്റെ സാഹിത്യയാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി പുസ്തകപ്രകാശനം മാറി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ അവിസ്മരണീയമായ സാംസ്കാരിക സായാഹ്നത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.


