രാത്രി ബസ് സർവീസില്ല; കിളിമാനൂരിൽ യാത്രക്കാർ ദുരിതത്തിൽ

Attingal vartha_20261124_183314_0000

7.15ന് ശേഷമുള്ള പെർമിറ്റ് ബസുകൾ ഓടുന്നില്ലെന്ന് പരാതി; 7.35ന്റെ ഇളമ്പ ബസിൽ തിക്കും തിരക്കും

കിളിമാനൂർ: രാത്രി കിളിമാനൂർ ബസ് സ്റ്റാൻഡിൽനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാത്രി 7.15ന് ശേഷമുള്ള സമയങ്ങളിൽ പെർമിറ്റുള്ള ബസുകൾ സർവീസ് നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

രാത്രി 7 മണിക്ക് ഒരു ബസ് പോയാൽ അടുത്ത സർവീസ് 7.15നാണ്. ഇതിനിടയിൽ മറ്റ് ബസുകൾക്ക് സർവീസ് പെർമിറ്റില്ല. എന്നാൽ 7.15ന് ശേഷം സർവീസ് നടത്തേണ്ട പെർമിറ്റുള്ള ബസുകൾ കൃത്യമായി ഓടുന്നില്ലെന്നാണ് ആക്ഷേപം.

രാത്രി 7.17ന് (കിളിമാനൂർ–ആറ്റിങ്ങൽ–കോരാണി), 7.23ന് (കിളിമാനൂർ–നഗരൂർ–തോട്ടയ്ക്കാട്–കല്ലമ്പലം–കാപ്പിൽ എച്ച്.എസ്), 7.35ന് (കിളിമാനൂർ–ആറ്റിങ്ങൽ–ഊരുപൊയ്ക) എന്നീ ബസുകളാണ് ഈ സമയങ്ങളിൽ സർവീസ് നടത്തേണ്ടത്. എന്നാൽ ഈ ബസുകൾ സർവീസ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുകയാണ്.

അതേസമയം, രാത്രി 7.35ന് കിളിമാനൂർ–ആറ്റിങ്ങൽ–ചിറയിൻകീഴ് റൂട്ടിൽ ഇളമ്പ ബസ് സർവീസ് നടത്തുന്നുണ്ട്. മറ്റ് ബസുകൾ ഇല്ലാത്തതിനാൽ ഈ ബസിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുകയും ബസിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. തിക്കിലും തിരക്കിലും ഞെരുങ്ങിയാണ് പലരും യാത്ര ചെയ്യുന്നത്. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരടക്കം ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്.

കിളിമാനൂർ ബസ് സ്റ്റാൻഡിൽ രാത്രി ഏറെനേരം ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ കാഴ്ചയും പതിവായിരിക്കുകയാണ്. പെർമിറ്റ് അനുവദിച്ചിട്ടുള്ള ബസുകൾ കൃത്യമായി സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്നും രാത്രി യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!