ഓണത്തിന് പൊൻമുടിയിൽ സഞ്ചാരികളുടെ വൻതിരക്ക്

Attingal vartha_20260831_105439_0000

വാഹനങ്ങളുടെ നീണ്ടനിര; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി വിനോദസഞ്ചാര കേന്ദ്രം

വിതുര: ഓണാഘോഷത്തിന്റെ ഭാഗമായി ഇത്തവണയും പൊൻമുടിയിൽ സഞ്ചാരികളുടെ വൻതിരക്ക്. തിരുവോണനാളിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി വിതുര മേഖലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരുലക്ഷത്തിലധികം സഞ്ചാരികൾ എത്തിയതായാണ് കണക്ക്.

തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പൊൻമുടിയിലേക്ക് പ്രത്യേക സർവീസുകളും നടത്തിയിരുന്നു. അപ്പർ സാനിറ്റോറിയം മുതൽ കുളച്ചിക്കര വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. പൊൻമുടി–കല്ലാർ റോഡും വാഹനപ്പെരുപ്പത്തെ തുടർന്ന് ഗതാഗതക്കുരുക്കിലായി.

ഓണനാളുകളിൽ പൊൻമുടിയിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനൊപ്പം മൂടൽമഞ്ഞും ശക്തമായിരുന്നു. 22 ഹെയർപിൻ വളവുകൾ പിന്നിട്ട് കല്ലാർ വരെയും മൂടൽമഞ്ഞ് വ്യാപിച്ചു.

പൊൻമുടിക്ക് പുറമേ കല്ലാർ, മീൻമുട്ടി, പേപ്പാറ, ബോണക്കാട്, ചാത്തൻകോട്, ചീറ്റിപ്പാറ തുടങ്ങിയ വിതുര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ വനംവകുപ്പിനും പ്രവേശന പാസ് ഇനത്തിൽ മികച്ച വരുമാനം ലഭിച്ചു.

അതേസമയം, പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ പൊൻമുടിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചു. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ വൻതിരക്ക് അനുഭവപ്പെടുന്ന പൊൻമുടിയെ ടൂറിസം വകുപ്പ് അവഗണിച്ചതിനെതിരെ പ്രതിഷേധവും ശക്തമാണ്.

വികസനം എവിടെ?

ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പൊൻമുടിയിൽ അടിസ്ഥാന സൗകര്യ വികസനം കാര്യമായി നടക്കുന്നില്ലെന്നാണ് പരാതി. സഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്നും പരാതിയുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പൊൻമുടിയിലെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ബജറ്റിൽ നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നാണ് ആവശ്യം. ഇതിനിടെ പൊൻമുടിയിലേക്കുള്ള പ്രവേശന പാസ് നിരക്ക് വർധിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തീരുമാനം നടപ്പാക്കാനായില്ല.

വൻതോതിൽ സഞ്ചാരികളെത്തുന്ന പൊൻമുടിയുടെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനവും അടിയന്തരമായി മെച്ചപ്പെടുത്തി പ്രധാന ടൂറിസം കേന്ദ്രമായി കൂടുതൽ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!