
കാട്ടാക്കട: 11 വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 43കാരനായ പ്രതിക്ക് 27 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. പള്ളിച്ചൽ സ്വദേശി ‘കുട്ടൻ’ എന്നുവിളിക്കുന്ന അനിൽകുമാർ (43) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി. വിനോദ് ആണ് വിധി പ്രസ്താവിച്ചത്.
2023 ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായിരുന്ന പ്രതി കുട്ടി താമസിച്ചിരുന്ന വീട്ടിലെത്തുകയും അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടി വിവരം ആരോടും പറഞ്ഞില്ല. പിന്നീട് കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അച്ഛമ്മ സംശയം പ്രകടിപ്പിച്ച് വിവരങ്ങൾ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.


