
കിളിമാനൂർ: മകളുടെ വിവാഹദിനത്തിൽ പിതാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് വ്യാഴാഴ്ച മരിച്ചത്.
ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിന് മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വൈകിട്ട് നാലുമണിയോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മകളുടെ വിവാഹത്തിന്റെ സന്തോഷത്തിനായി ഒരുങ്ങിയ കുടുംബത്തെ മണിക്കൂറുകൾക്കകം കണ്ണീരിലാഴ്ത്തിയ സംഭവമായി അൻവറിന്റെ വിയോഗം.
കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിലെ സ്ക്വാഡ് ഇൻസ്പെക്ടറായിരുന്നു അൻവർ. മൂന്നാഴ്ച മുമ്പാണ് കണ്ണൂരിൽ നിന്ന് നെടുമങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് എത്തിയത്.
ഭാര്യ: നൈജ. മക്കൾ: ആലിം മുഹമ്മദ്, ആഫിയ. മരുമകൻ: അക്ബർ.


