
വിതുര: പുലർച്ചെ കുറ്റിക്കാട്ടിനിടയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ ഭീതിയിലായി പ്രദേശവാസികൾ. നാരകത്തിൻകാല ഭാഗത്ത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ച ഏകദേശം 35 കിലോ ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) സുരക്ഷിതമായി പിടികൂടി.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റിക്കാട്ടിനിടയിൽ പാമ്പിനെ കണ്ട പ്രദേശവാസികൾ ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരുത്തിപ്പള്ളി ആർ.ആർ.ടി അംഗവും സ്നേക്ക് റെസ്ക്യുവറുമായ രോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
മരത്തിന്റെ അടിഭാഗത്ത് ചുറ്റിപ്പിടിച്ച നിലയിലായിരുന്നു പെരുമ്പാമ്പ്. ഏറെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ മരത്തിൽനിന്ന് വേർപെടുത്തി സുരക്ഷിതമായി ചാക്കിലാക്കി.
നാരകത്തിൻകാല മേഖലയിൽ നിന്ന് രോഷ്നിയുടെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം പിടികൂടുന്ന 246-ാമത്തെ പെരുമ്പാമ്പാണിത്. രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


