ആലംകോട് അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 112-ാമത് ആണ്ടുനേർച്ച സെപ്റ്റംബർ 14 മുതൽ 

Attingal vartha_20260913_191022_0000

ആലംകോട്: ആലംകോട് മുസ്‌ലിം ജമാഅത്ത് പള്ളിയങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 112-ാമത് ആണ്ടുനേർച്ച സെപ്റ്റംബർ 14, 15, 16 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും.

അതോടൊപ്പം പള്ളിമുക്ക് ദാറുൽ ഉലൂം മദ്റസ മന്ദിരോദ്ഘാടനവും ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികളേയും എ.യു. കോളേജിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനികളെയും ആദരിക്കൽ, മത പ്രഭാഷണം, ദുആ സമ്മേളനം തുടങ്ങിയ പരിപാടികളും നടക്കും.

​സെപ്റ്റംബർ 14-ന് തിങ്കളാഴ്ച വൈകുന്നേരം മഖാം സിയാറത്തിന് ശേഷം നടക്കുന്ന ഉദ്ഘാടന സദസ്സിൽ ജമാഅത്ത് പ്രസിഡന്റ് അഡ്വ. മുഹ്സിൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജാബിർ മൂൺസിറ്റി സ്വാഗതം പറയും. ആലംകോട് ജമാഅത്ത് ഇമാം നിഹാൽ ഹാദി അൽ മുഹ്‌തദി ഉദ്ഘാടന പ്രഭാഷണവും, പെരുമ്പാവൂർ കണ്ടന്തറ ജമാഅത്ത് ചീഫ് ഇമാം ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി ‘ലഹരി: പുകയുന്ന ജീവിതങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണവും നടത്തും.

​15-ന് ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ഉസ്താദ് മുഹമ്മദ് സുഹുഫ് മന്നാനി ‘ഇസ്‌ലാം പുതുയുഗത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.

​സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം 4.30-ന് ഏഴിമല അസ്സയ്യിദ് മഹ്മൂദ് സഫ്വാൻ തങ്ങൾ അൽ ബുഖാരി പള്ളിമുക്കിൽ പുതിയ മദ്റസ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദുആ സമ്മേളനത്തിൽ ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും, എ.യു കോളേജിൽ നിന്ന് റാങ്ക് നേടിയ വിദ്യാർത്ഥിനികളെയും, മദ്റസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കും.

​തുടർന്ന് അസ്സയ്യിദ് മഹ്മൂദ് സഫ്വാൻ തങ്ങൾ അൽ ബുഖാരി ‘വിജയത്തിനും ഉയർച്ചക്കുമുള്ള എളുപ്പവഴി’ എന്ന വിഷയത്തിൽ പ്രഭാഷണവും ദുആ മജ്‌ലിസും നിർവ്വഹിക്കും. ചടങ്ങിൽ വിവിധ സാമാജിക-മത നേതാക്കൾ ആശംസകൾ അർപ്പിക്കും. പരിപാടികൾക്ക് ശേഷം അന്നദാനം നടക്കുമെന്ന് ജമാഅത്ത് പരിപാലന സമിതി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!