
വർക്കല : ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെയും സഹോദരിയെയും ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അലക്സാണ്ടർ (29), ഇരവിപുരം സ്വദേശി ഫിനോൾഡ് (24), മയ്യനാട് സ്വദേശി ജോബിൻ എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് കാപ്പിൽ ബീച്ചിൽ സംഭവം. കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ അഫ്സലിന്റെ കടയിലെത്തി ബജി കഴിച്ചിരുന്നു. ഇതിനുശേഷം വീണ്ടും സോസ് ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് അഫ്സലുമായി വാക്കുതർക്കമുണ്ടായി. പിന്നാലെ യുവാക്കൾ അഫ്സലിനെ മർദിക്കുകയായിരുന്നു.
കാറ്റാടിക്കഴ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഫ്സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്സലിനെയും സഹോദരിയെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് യുവാക്കളെയും നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിന് കൈമാറുകയായിരുന്നു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ വർക്കല പോലീസ് തുടർനടപടികൾ സ്വീകരിച്ചു.


