ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്തെ വളവിൽ അപകടങ്ങൾ തുടർക്കഥ — ഉടൻ നടപടി വേണം

Attingal vartha_20260924_141937_0000

ആറ്റിങ്ങൽ: ദേശീയപാതയിൽ മാമം ജംഗ്ഷന് സമീപത്തെ അപകടകരമായ വളവ് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരക്കേറിയ ഭാഗത്തോട് ചേർന്നുള്ള ഈ വളവിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്നും അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മാത്രം ഇവിടെ രണ്ട് അപകടങ്ങളാണ് ഉണ്ടായത്. പുലർച്ചെ കരുനാഗപ്പള്ളി സ്വദേശികൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ നഗരസഭ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ തകർന്നു. വൈകുന്നേരം ഇതേ ഭാഗത്ത് സൂപ്പർഫാസ്റ്റ് ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചും അപകടമുണ്ടായി. രണ്ട് അപകടങ്ങളിലും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.

വലിയകുന്ന് താലൂക്ക് ആശുപത്രി, ചിറ്റാറ്റിൻകര, ഇടയ്ക്കോട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ദേശീയപാതയിൽ നിന്ന് ഈ ഭാഗങ്ങളിലേക്ക് തിരിയുന്നതും അപകടകരമായ വളവിന് സമീപത്തുകൂടിയാണ്. ഇതുമൂലം ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു.

കാഴ്ച മറച്ച് മൺതിട്ടയും വള്ളിപ്പടർപ്പുകളും

ദേശീയപാതയുടെ പുറമ്പോക്കിലുള്ള മൺതിട്ടയും വളർന്നുപന്തലിച്ച വള്ളിപ്പടർപ്പുകളും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതാണ് പ്രധാന അപകടഭീഷണികളിലൊന്നെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങളെ യഥാസമയം കാണാൻ കഴിയാത്ത സാഹചര്യമാണ്.തലനാരിഴയ്ക്കാണ് പലപ്പോഴും വൻ അപകടങ്ങൾ ഒഴിവാകുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടു.

മാമം പാലം വരെയും അപകടഭീഷണി

മാമം ജംക്ഷൻ മുതൽ മാമം പാലം വരെയുള്ള ദേശീയപാതയുടെ ഭാഗത്തും റോഡിന്റെ വശങ്ങളിലെ ഉയരക്കുറവും തകർന്ന ഭാഗങ്ങളും അപകടഭീഷണി ഉയർത്തുന്നുണ്ട്. റോഡിന്റെ കിഴക്കുവശത്ത് പലയിടത്തും കോൺക്രീറ്റ് ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ വശം ചേർന്ന് സഞ്ചരിക്കുന്ന വാഹനങ്ങളാണ് ഇത്തരം ഭാഗങ്ങളിൽ അപകടത്തിൽപ്പെടുന്നത്.

പരാതിക്ക് പിന്നാലെ എസ്റ്റിമേറ്റ്; ഭരണാനുമതി കാത്ത് പദ്ധതികൾ

മാമത്തെ ദേശീയപാതയിലെ അപകടക്കെണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഭരണാനുമതി വൈകുന്നതാണ് പ്രവൃത്തികൾ ആരംഭിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്.

ദേശീയപാത പുറമ്പോക്കിലെ മൺതിട്ട അടിയന്തരമായി നീക്കം ചെയ്യുകയും ബൈറോഡുകൾ ദേശീയപാതയുമായി ചേരുന്ന ഭാഗങ്ങൾ വികസിപ്പിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന് സമാന്തരമായി സഞ്ചരിച്ച് സുരക്ഷിതമായി ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ആവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തിയാൽ ഈ മേഖലയിൽ പതിവാകുന്ന അപകടങ്ങൾക്ക് വലിയൊരു പരിഹാരമാകുമെന്നാണ് യാത്രക്കാരും പറയുന്നത്.

അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!