
വെഞ്ഞാറമൂട്: കോട്ടുകുന്നം സ്വദേശിയായ യുവാവ് മലേഷ്യയിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കോട്ടുകുന്നം ചരുവിള പുത്തൻവീട്ടിൽ വൈഷ്ണവ് അജി ഷീന (20) ആണ് മരിച്ചത്.
മലേഷ്യയിൽ കപ്പലിൽ എബിള്‍ സീമാനായി ജോലി ചെയ്തിരുന്ന വൈഷ്ണവിന് സെപ്റ്റംബർ 18ന് ക്രെയിൻ ബക്കറ്റ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയും ചെയ്തെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.
എന്നാൽ മലേഷ്യയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലും വയറിലും ഏറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണകാരണം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും, അപകടസമയത്ത് ക്രെയിൻ പ്രവർത്തിപ്പിച്ചയാൾക്ക് സാധുവായ ലൈസൻസ് ഇല്ലായിരുന്നുവെന്ന വിവരവും സംശയത്തിനിടയാക്കിയതായി മാതാവ് പരാതിയിൽ പറയുന്നു.
മാരിടൈം കോഴ്സും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വ്യാജരേഖകളും നിയമവിരുദ്ധ നടപടികളും നടന്നിട്ടുണ്ടോയെന്നും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിച്ച് ഫോറൻസിക് റീപോസ്റ്റ്മോർട്ടം നടത്തണമെന്നും, റിക്രൂട്ട്മെന്റ് ഏജൻസികൾ ഉൾപ്പെടെയുള്ളവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും മാതാവ് ആവശ്യപ്പെട്ടു.


