
കിളിമാനൂർ: എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഉടൻ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ വണ്ടന്നൂർ സ്വദേശി ശ്രീജിത്ത് (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്കിടെ വൈകുന്നേരത്തോടെ ബിപിൻ ബാബുവിന്റെ മരണം സംഭവിച്ചു.
കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 30നായിരുന്നു ബിപിൻ ബാബുവിന്റെ വിവാഹം. സുറുമിയാണ് ഭാര്യ.


