അഡ്വ.ബി സത്യൻ എം.എൽ.എയുടെ ഇടപെടൽ മൂലം റവന്യൂ മന്ത്രിയാണ് അനുമതി പുറപ്പെടുവിച്ചത്
വക്കം: വക്കം സ്മാർട്ട് വില്ലേജ് ഓഫീസ് സമാർട്ടാക്കാൻ റവന്യൂ വകുപ്പ് അനുമതിയായി. നാൽപത് ലക്ഷം രൂപ ചെലവിലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. നിലവിൽ വക്കം മൃഗാശുപത്രിക്ക് അനുബന്ധമായാണ് വക്കം വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന വക്കം വില്ലേജ് ഓഫീസിന് പുതിയ ഓഫീസ് കെട്ടിടം വേണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് അഡ്വ ബി സത്യൻ എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് എം എൽ എ, റവന്യൂ മന്ത്രിയെ നേരിൽ കണ്ട് ഇത് സംബന്ധിച്ച് നിവേദനം നൽകുകയും തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ഭരണനാനുമതി ലഭിക്കുകയുമായിരുന്നു. ചിറയിൻകീഴ് താലൂക്ക് ഓഫീസിൽ നടന്ന അദാലത്തിൽ വച്ച് കളക്ടർ എം.എൽ.എക്ക് ഭരണാനുമതി കൈമാറുകയായിരുന്നു. സ്മാർട്ട് വില്ലേജ് ഓഫീസിനായി റവന്യു വകുപ്പ് കണ്ടെത്തി നൽകിയിട്ടുള്ള 18 സെൻ്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുക. പ്രദേശവാസികളുടെ നീണ്ട കാലത്തെ ആവശ്യം അംഗീകരിച്ച് വില്ലേജ് ഓഫീസ് അനുവദിച്ച റവന്യൂ വകുപ്പ് മന്ത്രിക്ക് എം എൽ എ നന്ദി അറിയിച്ചു.