
കീഴാറ്റിങ്ങൽ: വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ‘കായിക മിത്രം’ ഫുട്ബോൾ അക്കാദമിയുടെയും കായിക ഉപകരണ വിതരണത്തിന്റെയും ഉദ്ഘാടനം കീഴാറ്റിങ്ങൽ വൈ.എൽ.എം. യു.പി. സ്കൂളിൽ നടന്നു. ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ പെരുങ്കുളം കായിക ഉപകരണങ്ങളുടെ വിതരണം നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വ. എ. എ. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ബിനു ഷെറീന ആർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ത്രിദീപുകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബി.ആർ.സി. നിയുക്ത ബി.പി.സി ജമീൽ ജെ, പി.ടി.എ. പ്രസിഡന്റ് നാസർ, എം.പി.ടി.എ. പ്രസിഡന്റ് ശാരിക ബിനു, കായികാധ്യാപകൻ അൽത്താഫ് എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹൻസീർ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


