
വർക്കലയിൽ സ്വത്തുതർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരന്മാരും ബന്ധുവും ചേർന്ന് അടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ നാലുപേരെയും കോടതി വെറുതെവിട്ടു. വർക്കല അയിരൂർ കളത്തറ എം.എസ്. വില്ലയിൽ ലീനാമണി (53) കൊല്ലപ്പെട്ട സംഭവത്തിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ സുപ്രധാന വിധി.
ലീനാമണിയുടെ ഭർത്താവ് സിയാദിന്റെ സഹോദരന്മാരായ ഷാജി (46), അബ്ദുൽ അഹദ് (42), മുഹ്സിൻ (52), അഹദിന്റെ ഭാര്യ റഹീന (34) എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ പ്രാഥമിക തെളിവുകൾ പോലും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
2023 ജൂലൈ 16-നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഭർത്താവ് സിയാദിന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാൻ പ്രതികൾ ഗൂഢാലോചന നടത്തുകയും, മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി ലീനാമണിയെ മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു പൊലീസിന്റെ കേസ്. ആക്രമണത്തിൽ വീട്ടുജോലിക്കാരിയായ സരസുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിലായ ഇരുവരെയും അയൽവാസികൾ വർക്കല മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീനാമണിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബന്ധുക്കളായ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ പ്രധാന ദൃക്സാക്ഷിയായി പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടിയ വീട്ടുജോലിക്കാരി സരസുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് വിചാരണയിൽ പ്രതിഭാഗത്തിന് തുരുമ്പായത്. സരസുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.കൂടാതെ സിയാദിന്റെ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം നടന്നതെന്ന് ആരോപിക്കുമ്പോഴും, സിയാദിന്റെ പേരിൽ പറയത്തക്ക സ്വത്തുക്കളൊന്നും ഇല്ലെന്ന യാഥാർത്ഥ്യം പ്രതിഭാഗം തെളിവുകൾ സഹിതം സ്ഥാപിച്ചു.
മാത്രമല്ല, കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
പ്രധാന സാക്ഷിമൊഴികൾ വിശ്വസിക്കാൻ കഴിയില്ലെന്നും കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നും കണ്ടതിനെ തുടർന്നാണ് പ്രതികളെല്ലാവരും നിരപരാധികളാണെന്ന് വ്യക്തമാക്കി കോടതി വെറുതെവിട്ടത്.


