
ചിറയിൻകീഴ്: ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലി ചെയ്ത് വിശ്വാസം നേടിയശേഷം ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന കേസിൽ 58-കാരനെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കണിമംഗലം ദേശത്ത് അയ്യപ്പൻകാവ് റോഡിൽ മാടപ്പറമ്പ് മഠം വീട്ടിൽ വാസുദേവനാണ് പിടിയിലായത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലിക്ക് കയറി ക്ഷേത്ര ഭാരവാഹികളുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആനത്തലവട്ടം പുട്ടുകട ജംഗ്ഷന് സമീപമുള്ള ഉള്ളാപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുന്നതിനിടെ വിഗ്രഹത്തിൽ ചാർത്തുന്ന അരപ്പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണമാലകൾ ഇയാൾ മോഷ്ടിച്ചതായാണ് കേസ്. തുടർന്ന് മാലകൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ച് പണം കൈക്കലാക്കിയശേഷം കടന്നുകളയുകയായിരുന്നു.
പിന്നീട് മറ്റൊരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അമ്പലപ്പുഴ, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ജി.എ.എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ നാസർ ജി.എസ്, സി.പി.ഒമാരായ രാംനാഥ്, നാദിർഷ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


