കിഴുവിലം : മുടപുരം ,മുട്ടപ്പലം പ്രദേശങ്ങളിൽ വാഴകൃഷിചെയ്യുന്ന കർഷകർ പൊറുതിമുട്ടുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനകം തന്നെ നിരവധി വാഴക്കുലകൾ എങ്കിലും തോട്ടത്തിൽ നിന്ന് വെട്ടിക്കടത്തി. 15 ഹെക്ടർ പ്രദേശത്ത് അൻപതിനായിരത്തില്പരം വാഴയാണ് കൃഷിചെയ്തിരിക്കുന്നത്.
മുപ്പതോളം കർഷകർ അനേകവർഷങ്ങളായി ഏത്തൻ,കപ്പ,പാളയംകോടൻ, ഞാലിപ്പൂവൻ, റോബസ്റ്റ തുടങ്ങി വിവിധ ഇനത്തിലുള്ള വാഴകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയും ആണ് ഇവർ കൃഷി ചെയ്യുന്നത്.മോഷ്ടാക്കളുടെ അതിക്രമം മൂലം ഒരുദിവസം കുറഞ്ഞത് 2000 രൂപയുടെ നഷ്ടമെങ്കിലും സംഭവിക്കാറുണ്ട്. ദിവസം ഏകദേശം അഞ്ചു കുലകൾ വരെ മോഷണം നടക്കുന്നു എന്നാണ് കർഷകർ പറയുന്നത്. മൂന്നുമാസത്തിനിടെ 500 വാഴക്കുലകൾ വരെ മോഷണം പോയതായാണ് കണക്കുകൾ പറയുന്നത്. രാത്രി ആയാലും പകലായാലും ആളൊഴിഞ്ഞ സ്ഥലത്ത് ഇരുചക്ര വാഹനത്തിൽ ചാക്കുമായി വന്നാണ് മോഷ്ടാക്കൾ കുലവെട്ടി ചാക്കിലാക്കുന്നത്. ഇവരെ പിടികൂടാൻ കർഷകർ രാത്രിയും പകലും കവലിരുന്നാലും മോഷ്ടാക്കൾ ആളൊഴിഞ്ഞ സ്ഥലത്തു പോയി കുലവെട്ടി കടത്തും. ഇത് സംബന്ധിച്ച് ചിറയിൻകീഴ് പൊലീസിൽ മരങ്ങാട്ടുകോണം വാഴ കർഷക സമിതി പരാതി നൽകി. പൊലീസ് ഇത് സംബന്ധിച്ച് അന്വേഷിച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ലെന്നാണ് ആരോപണം.