
പെരിങ്ങമ്മല, നന്ദിയോട്, വിതുര, പാങ്ങോട് പഞ്ചായത്തുകളിൽ വന്യമൃഗശല്യവും രൂക്ഷം; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
തിരുവനന്തപുരം: പെരിങ്ങമ്മല, നന്ദിയോട്, വിതുര, പാങ്ങോട് പഞ്ചായത്തുകളിൽ കുരങ്ങുശല്യം രൂക്ഷമായതോടെ കർഷകരും നാട്ടുകാരും ദുരിതത്തിൽ. കൂട്ടമായെത്തുന്ന കുരങ്ങുകൾ കൃഷിയിടങ്ങളിലെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനു പുറമേ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടാക്കുന്നതായും പരാതിയുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഴ, കപ്പ, തെങ്ങ്, പ്ലാവ് തുടങ്ങിയ വിളകൾക്കും വിവിധ പച്ചക്കറികൾക്കും കുരങ്ങുകൾ വ്യാപകമായ നാശം വരുത്തുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ദിവസേന നശിക്കുന്നത്. ബാങ്കുകളിൽനിന്ന് വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്ന സാധാരണക്കാരായ കർഷകർക്ക് ഇതോടെ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവരുന്നത്. വന്യമൃഗശല്യം കാരണം പലരും കൃഷി പൂർണമായും ഉപേക്ഷിച്ച അവസ്ഥയിലുമാണ്.
റബർ പുരയിടങ്ങളിലെത്തി പാൽ ശേഖരിക്കാനുള്ള ചിരട്ടകൾ നശിപ്പിക്കുന്നതും അവയിൽ ശേഖരിച്ചിരിക്കുന്ന പാൽ തട്ടിത്തെറിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. കുരങ്ങുകളെ തുരത്താൻ ശ്രമിക്കുന്നവർക്കുനേരെ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
വീടുകളുടെ മേൽക്കൂരകൾ തകർക്കുക, വാട്ടർ ടാങ്കുകളുടെ മൂടി തുറന്ന് വെള്ളം പാഴാക്കുക, ജനലുകളിലൂടെ വീടിനുള്ളിൽ കടന്ന് ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകുക തുടങ്ങിയവയും പതിവാണ്. വ്യാപാര സ്ഥാപനങ്ങളിൽ കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്. വീട്ടുമുറ്റത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ കീറിയെറിയുന്നതും വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതും പതിവായതോടെ ജനജീവിതം ദുസ്സഹമായി. പകൽസമയത്തുപോലും കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കുരങ്ങുശല്യത്തിന് പുറമേ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, കേഴ തുടങ്ങിയ വന്യമൃഗങ്ങളും മേഖലയിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. കാട്ടാനകൾ ജനവാസമേഖലകളിലേക്ക് കടന്നുകയറുന്നത് തടയാൻ ഫലപ്രദമായ നടപടികളില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആനകൾ കടന്നുവരുന്ന വഴികളിൽ കിടങ്ങ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പൂർത്തിയായിട്ടില്ലെന്നും പരാതിയുണ്ട്.
ആദിവാസി മേഖലകളിൽ ചിലയിടങ്ങളിൽ സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവ പ്രവർത്തനക്ഷമമല്ല. ഇതും വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് കടന്നുകയറുന്നതിന് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വന്യമൃഗശല്യം സംബന്ധിച്ച് വനംവകുപ്പിനും പഞ്ചായത്ത് അധികൃതർക്കും നിരവധി തവണ പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികളുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
കുരങ്ങുശല്യം നിയന്ത്രിക്കുന്നതിനൊപ്പം കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് കടക്കുന്നത് തടയാൻ ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും തകരാറിലായ സോളാർ വേലികൾ പ്രവർത്തനക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മേഖലയിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സേവനം അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.


