
പെരുമാതുറ ആസ്ഥാനമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പ്രമേയം.കഠിനംകുളത്ത് സംഘടിപ്പിച്ച ചിറയിൻകീഴ് നിയോജകമണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലായി വിഭജിക്കപ്പെട്ടുകിടക്കുന്ന പെരുമാതുറയിലെ വിവിധ പ്രദേശങ്ങൾ പുനഃസംഘടിപ്പിച്ച്, പെരുമാതുറ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് ആവശ്യം.
മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്ന വലിയൊരു ജനവിഭാഗമാണ് പെരുമാതുറയിലും സമീപ തീരദേശത്തും താമസിക്കുന്നത്. തീരദേശ സംരക്ഷണം, കുടിവെള്ളം, ഗതാഗതം, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രത്യേക വികസനം അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കായലോര-കടലോര ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പഞ്ചായത്ത് സഹായകമാകും. ജനസംഖ്യയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും തദ്ദേശസ്വയംഭരണ വകുപ്പിനോടും സമ്മേളനം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ നേതാക്കൾ പങ്കെടുത്ത വേദിയിലാണ് പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ യുവജന സംഘടന തന്നെ ഈ ആവശ്യവുമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.


