
പോക്സോ കേസിൽ നീന്തൽ പരിശീലകൻ അറസ്റ്റിൽ.തിരുവനന്തപുരം തിരുവല്ലം സ്വദേശി ശരത് ചന്ദ്രൻ (46) ആണ് അറസ്റ്റിലായത്.
തൃശൂരിലെ നീന്തൽ പരിശീലന അക്കാദമിയിൽ നിന്നാണ് ഇന്നലെ അയിരൂർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്
ഇക്കഴിഞ്ഞ ജനുവരിയിൽ ആണ് കേസിനു ആസ്പദമായ സംഭവം. വർക്കല അയിരൂരിലെ സ്വകാര്യ സ്കൂളിൽ നീന്തൽ പരിശീലകനായിരിക്കെ പരിശീലനത്തിന് ഇടെ 14 വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
മോശം അനുഭവം നേരിട്ട ഉടൻ കുട്ടി ഉറക്കെ നിലവിളിച്ചു. മറ്റ് അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റും ഇയാളെ സ്കൂളിൽ നിന്നും പറഞ്ഞു വിടുകയും പ്രശ്നം ഒതുക്കി തീർക്കാനും ശ്രമിച്ചുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം . എന്നാൽ സംഭവത്തിന് ശേഷം മാനസികമായി തളർന്ന കുട്ടിയെ രക്ഷിതാക്കൾ കൗൺസലിംഗ് നടത്തുകയും വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ഇന്നലെയാണ് ചൈൽഡ് ലൈനിൽ നിന്നുള്ള പരാതി അയിരൂർ സ്റ്റേഷനിൽ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതി തൃശൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയുകയുമായിരുന്നു.
14കാരിയെ ഉപദ്രവിച്ച വിവരം അറിഞ്ഞിട്ടും സ്കൂൾ മാനേജ്മെന്റ് വിവരം രഹസ്യമാക്കി വച്ചതായി ആണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിൽ സ്കൂളിലെ ചുമതലപ്പെട്ട അധ്യാപകർക്ക് എതിരെയും നടപടിക്ക് സാധ്യതയുണ്ടെന്ന് ആണ് ലഭിക്കുന്ന വിവരം
നേവി ഉദ്യോഗസ്ഥനായിരുന്നു. ജോലി രാജി വച്ചശേഷമാണ് പരിശീലകനായി പ്രവർത്തിച്ചത്.
സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിൽ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് പിടിയിലായ ശരത് ചന്ദ്രൻ.


