പത്തുവർഷം മുമ്പ് പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പാർക്കിൽ കുട്ടികൾക്ക് പ്രവേശനമില്ല, വാഹനങ്ങൾക്ക് സ്വാഗതം

Attingal vartha_20261029_102915_0000

കിളിമാനൂർ: കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ഒരുക്കിയ പാർക്ക് കാടുകയറി നശിച്ചപ്പോൾ സംരക്ഷിക്കാൻ കഴിയാത്ത പഞ്ചായത്ത് ഭരണസമിതി, അതേ സ്ഥലം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി തുറന്നുകൊടുത്തു.കിളിമാനൂർ ടൗണിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള കുട്ടികളുടെ പാർക്കാണ് ഇപ്പോൾ കാർ പാർക്കിംഗ് കേന്ദ്രമായി മാറിയിരിക്കുന്നത്. പഞ്ചായത്തിന്റെ നടപടിക്കെതിരെ വിമർശനവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് കുട്ടികളുടെ പാർക്കിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഫീസ് ഈടാക്കുന്നതിനും അനുമതി നൽകിയതെന്നാണ് വിവരം. കുട്ടികൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പൊതുസംവിധാനം സംരക്ഷിക്കുന്നതിനു പകരം വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നത് എന്ത് വികസന മാതൃകയാണെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം.

2014-15 വർഷത്തെ വാർഷിക പദ്ധതി പ്രകാരം ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് കിളിമാനൂർ ടൗണിന്റെ ഹൃദയഭാഗത്ത് കുട്ടികളുടെ പാർക്ക് നിർമിച്ചത്. പത്തുലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്. എന്നാൽ, കുട്ടികൾക്ക് പ്രയോജനപ്പെടേണ്ടിയിരുന്ന പാർക്ക് നാളിതുവരെ കാര്യക്ഷമമായി പരിപാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം. കാടുകയറി ഉപയോഗശൂന്യമായതോടെ ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി പാർക്ക് മാറിയെന്നും പരാതിയുണ്ട്. കുട്ടികൾക്കായി സ്ഥാപിച്ച കളിക്കോപ്പുകൾ പോലും തുരുമ്പെടുത്ത് നശിച്ചിട്ടും പാർക്കിന്റെ സംരക്ഷണത്തിനായി ഫലപ്രദമായ നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാരുടെ വിമർശനം.

കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമായി നിർമിച്ച പൊതുസംവിധാനം ഉപയോഗശൂന്യമാക്കി ഇട്ടശേഷം വാഹന പാർക്കിംഗിന് വിട്ടുകൊടുക്കുന്നത് പഞ്ചായത്തിന്റെ ആസൂത്രണത്തെയും പരിപാലനത്തെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു.

പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന നിരവധി കായികപ്രതിഭകൾക്ക് പരിശീലനം നടത്താൻ അനുയോജ്യമായ ഒരു കളിസ്ഥലം വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ, ഈ ആവശ്യം പരിഹരിക്കാൻ കഴിയാത്തവർ കുട്ടികൾക്കായി നിർമിച്ച പാർക്ക് വാഹന പാർക്കിംഗ് കേന്ദ്രമാക്കുന്നത് വിരോധാഭാസമാണെന്നാണ് പൊതുജനങ്ങളുടെ വിമർശനം. കുട്ടികൾക്ക് കളിക്കാനും യുവാക്കൾക്ക് കായികപരിശീലനം നടത്താനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം നിലവിലുള്ള പൊതുസംവിധാനങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നാടിന്റെ വികസനത്തിന് ഗുണകരമാകില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ പാർക്ക് സംരക്ഷിച്ച് പുനരുദ്ധരിക്കുന്നതിനുപകരം പാർക്കിംഗ് കേന്ദ്രമാക്കിയ നടപടി പൊതുസ്വത്തുകളുടെ വിനിയോഗത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഇന്ന് കുട്ടികളുടെ പാർക്ക് വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നതുപോലെ നാളെ പഞ്ചായത്ത് ബസ് സ്റ്റാൻഡും സ്വകാര്യ വ്യക്തികളുടെ ആവശ്യങ്ങൾക്കായി വിട്ടുനൽകിയാലും അത്ഭുതപ്പെടാനില്ലെന്നാണ് നാട്ടുകാരുടെ പരിഹാസം. പൊതുജനങ്ങളുടെ നികുതിപ്പണവും സർക്കാർ ധനസഹായവും ഉപയോഗിച്ച് നിർമിക്കുന്ന സംവിധാനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സംരക്ഷിക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്.

കുട്ടികളുടെ പാർക്ക് പുനരുദ്ധരിച്ച് കുട്ടികൾക്ക് തിരികെ നൽകുമോ, അതോ വാഹന പാർക്കിംഗ് കേന്ദ്രമായി തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്.
പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ എന്ത് വിശദീകരണം നൽകുമെന്നതും പൊതുജനങ്ങൾ ഉറ്റുനോക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!